സംസ്ഥാനത്ത് ഇന്നു (ജൂൺ 16) മുതൽ ആറ് ദിവസങ്ങളിൽ കോവിഡ് കരുതൽ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് ഇന്നു (ജൂൺ 16) മുതൽ ആറ് ദിവസങ്ങളിൽ കോവിഡ് കരുതൽ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി. വ്യാഴം, വെള്ളി, തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലാണ് ഡോസിനുള്ള യജ്ഞം. ഒരു ജില്ലയിലും വാക്സിന് ക്ഷാമമില്ല. 60 വയസിന് മുകളിലുള്ള പാലിയേറ്റീവ് കെയർ രോഗികൾ, കിടപ്പ് രോഗികൾ, വയോജന മന്ദിരങ്ങളിലുള്ളവർ എന്നിവർക്ക് ഡോസ് വീട്ടിലെത്തി നൽകുന്നതിനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് കേസുകൾ കൂടുതൽ. എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കാൻ മന്ത്രി നിർദേശം നൽകി. പകർച്ചവ്യാധി പ്രതിരോധത്തിന് സൂപ്പർവൈസറി പരിശോധനകൾ കൃത്യമായി നടത്താനും ഫീൽഡ് പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, കെ എം എസ് സി എൽ എം ഡി ഡോ. ശ്രീറാം വെങ്കിട്ടരാമൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവയലൻസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.