സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാദ്ധ്യത; നാലു ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളില്‍ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.

സംസ്ഥാനത്ത് അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാകും മഴ കൂടുതൽ ലഭിക്കുക. മദ്ധ്യ, വടക്കൻ ജില്ലകളിൽ 30 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാദ്ധ്യതയുണ്ട്. അതേസമയം, വരും മണിക്കൂറുകളിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെങ്കിലും ബംഗാൾ ഉൾക്കടലിൽ മോശം കാലാവസ്ഥയും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ളവർ എത്രയും വേഗം സുരക്ഷിത തീരങ്ങളിൽ എത്തണമെന്ന് നിർദ്ദേശം.

 

Comments

COMMENTS

error: Content is protected !!