സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം; സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഈ മാസം ആറാം തിയ്യതി യുഎഇയില്‍ നിന്നും വന്നയാൾക്കാണ് രോഗം. 13ന് പനി തുടങ്ങി. 15ന് ശരീരത്തില്‍ പാടുകള്‍ കണ്ടു. ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ സംസ്ഥാനത്ത് മൂന്ന് പേര്‍ക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കൂടുതൽ മങ്കിപോക്സ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തതോടെ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കാന്‍ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്രക്കാരെ കര്‍ശന ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിർദേശം.