സംസ്ഥാനത്ത് ഓണം ബമ്പർ ലോട്ടറി വില്പന സർവ്വകാല റെക്കോർഡിൽ
സംസ്ഥാനത്ത് ഓണം ബമ്പർ ലോട്ടറി വില്പന സർവ്വകാല റെക്കോർഡിൽ. ലോട്ടറി വില്പന 70 ലക്ഷത്തിലേക്ക് കടന്നുവെന്ന് റിപ്പോർട്ട്. നറുക്കെടുപ്പിന് നാലുദിവസം മാത്രം ബാക്കിനിൽക്കേ ഇതുവരെയുള്ള റെക്കാഡുകളെ തകർത്താണ് ഓണം ബമ്പർ വില്പന കുതിക്കുന്നത്. 67,31,394 ടിക്കറ്റുകൾ ഇന്നലെവരെ വിറ്റു. കഴിഞ്ഞ തവണ വിറ്റത് 67.5 ലക്ഷം രൂപയുടെ ടിക്കറ്റുകളായിരുന്നു. ഏറ്റവും കൂടുതൽ വില്പന നടക്കുന്നത് പാലക്കാടും തിരുവനന്തപുരത്തും. നറുക്കെടുപ്പ് സെപ്റ്റംബർ 20 ന് നടക്കും.
തമിഴ്നാട്ടിൽനിന്ന് വലിയ ഡിമാൻഡുമുണ്ട്. 500 രൂപയുടെ ടിക്കറ്റിന് കേരള അതിർത്തിയിലെ ലോട്ടറിക്കടകളിൽ തമിഴരുടെ തിരക്കാണ്. 80 ലക്ഷം ടിക്കറ്റ് നാല് ഘട്ടങ്ങളിലായി അച്ചടിച്ചു. ഇതും ചരിത്രമാണ്. 90ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് അനുമതി. വില്പന ആരംഭിച്ച ജൂലായ് 27ന് 4,41,600 ടിക്കറ്റ് വിറ്റിരുന്നു. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിൽ ഇതും റെക്കാഡാണ്. നറുക്കെടുപ്പ് 20ന് നടത്തും.
സമ്മാനഘടനയിൽ മാറ്റംവരുത്തിയതും ഇത്തവണ സ്വീകാര്യതയേറ്റിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ 1,36,759 സമ്മാനങ്ങൾ ഇക്കുറി കൂടുതലുണ്ട്. ആകെ 5,34,670 സമ്മാനം. രണ്ടാംസമ്മാനം ഒരുകോടി രൂപവീതം 20 പേർക്ക് നൽകും. കഴിഞ്ഞതവണ ഒരാൾക്ക് 5 കോടിയായിരുന്നു രണ്ടാംസമ്മാനം.