സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഈ മാസം 22ന് ആരംഭിക്കും

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഈ മാസം 22ന് ആരംഭിക്കും. മുഖ്യമന്ത്രി വിതരണ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കേന്ദ്രങ്ങളിലും വിതരണ ഉദ്ഘാടനമുണ്ടാകും. തിരുവനന്തപുരത്ത് തിങ്കളാഴ്ച വൈകീട്ടാകും മുഖ്യമന്ത്രി ഭക്ഷ്യക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുക. തുടർന്ന് ചൊവ്വാഴ്ച രാവിലെ മുതൽ റേഷൻ കടകളിൽ ലഭ്യമായി തുടങ്ങും. അന്ത്യോദയ കാർഡ് ഉടമകൾക്ക് ആദ്യം കിറ്റ് ഉറപ്പാക്കി മുൻഗണന അനുസരിച്ച് ഓണത്തിന് മുൻപെ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യം.

ചൊവ്വാഴ്ചയും ബുധനാഴ്ചയും മഞ്ഞ കാർഡ് ഉളളവർക്കാണ് കിറ്റ് നൽകുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പിങ്ക് കാർഡ് ഉള്ളവർക്ക്. 29 മുതൽ 31 വരെ  നീല കാർഡ് ഉളളവർക്കും സെപ്റ്റംബർ 1 മുതൽ 3 വരെ  വെള്ള കാർഡ് ഉള്ളവർക്കും കിറ്റ് നൽകും. ഈ നിശ്ചിത ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്കായി നാലാം തിയതി മുതൽ 7ാം തിയതി വരെ സൌകര്യം ഒരുക്കിയിട്ടുണ്ട്.  ഏഴാം തീയതിയോടെ ഭക്ഷ്യക്കിറ്റ് വിതരണം പൂർത്തിയാക്കും. ഓണം കഴിഞ്ഞ് കിറ്റ് വിതരണമുണ്ടാകില്ലെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. കാർഡ് ഉടമകൾ അവരുടെ കടകളിൽ നിന്നു തന്നെ കിറ്റ് വാങ്ങണം.

57 ലക്ഷം കിറ്റുകൾ ഇതുവരെ തയാറായിട്ടുണ്ട്. മെച്ചപ്പെട്ട ഗുണനിലവാരമുള്ളവയാണ് കിറ്റിലെ സാധനങ്ങൾ. സാധനങ്ങളുടെ തൂക്കം ഉറപ്പാക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. ക്ഷേമ സ്ഥാപനങ്ങളിലേക്കുള്ള കിറ്റ് വിതരണവും ഇതോടൊപ്പം നടക്കും.

സപ്ലൈകോയുടെ ഓണം ഫെയറുകൾ 26 തുടങ്ങും. 140 മണ്ഡലങ്ങളിലും കേന്ദ്രങ്ങളുണ്ടാകും. അരി വില വല്ലാതെ ഉയർന്നിട്ടില്ലെന്നും മന്ത്രി അറിയിച്ചു. അരി വില വർധന ജനങ്ങളെ ബാധിക്കാത്ത തരത്തത്തിൽ സപ്ലൈകോ നടപടിയെടുക്കും. 700 ലോഡ് അരി വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റിൽ തുണി സഞ്ചി ഉൾപ്പടെ 14  ഇനങ്ങൾ.  ഭക്ഷ്യ കിറ്റിന്‍റെ പാക്കിംഗ് എൺപത് ശതമാനവും പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചു. 14 ഉത്പന്നങ്ങൾ അടങ്ങിയ കിറ്റിന് 434 രൂപ കുറഞ്ഞത് ചെലവ്. പഞ്ചസാരയും,ചെറുപയറും,തുവരപരിപ്പും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്. ലോഡിംഗ് വണ്ടിക്കൂലി ഉൾപ്പടെ 447 രൂപയുടെ കിറ്റ് എല്ലാ ജില്ലകളിലും തയ്യാറായി.

90 ലക്ഷം ഭക്ഷ്യക്കിറ്റുകളാണ് സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കായി തയ്യാറാകുന്നത്. പാക്കറ്റ് ഉത്പന്നങ്ങളാണ് എല്ലാം. സപ്ലൈക്കോ സ്റ്റോറുകളോട് ചേർന്ന് കൂടുതൽ സ്ഥലങ്ങൾ വാടകയ്ക്ക് എടുത്തും പാക്കിംഗ് തുടരുകയാണ്.

 

Comments

COMMENTS

error: Content is protected !!