സംസ്ഥാനത്ത് തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യമാകുന്നു
സംസ്ഥാനത്ത് തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യമാകുന്നു. രാജ്യത്ത് ആദ്യമായാണ് തൊഴിലുറപ്പ് തൊഴിലാളികൾക്കായി ഇത്തരത്തിൽ ക്ഷേമനിധി രൂപവത്കരിക്കുന്നത്. ക്ഷേമനിധിയുടെ ഔദ്യോഗിക ഉദ്ഘാടനം പാലക്കാട് കോട്ട മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും രജിസ്റ്റർ ചെയ്തവർക്ക് ക്ഷേമനിധിയിൽ അംഗത്വം ലഭിക്കും. രജിസ്റ്റർ ചെയ്യുന്ന തൊഴിലാളി പ്രതിമാസം അടയ്ക്കുന്ന 50 രൂപ അംശദായത്തിന് തുല്യമായ തുക സർക്കാർ വിഹിതമായി ക്ഷേമനിധിയിലേക്ക് നൽകും. അടയ്ക്കുന്ന തുക തൊഴിലാളികളുടെ പെൻഷനും മറ്റ് ക്ഷേമ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കും. 18 വയസ് പൂർത്തിയായതും 55 വയസ് പൂർത്തിയാക്കിയിട്ടില്ലാത്തവരും അംഗത്വത്തിന് അപേക്ഷിക്കുന്ന വർഷമോ അതിനു തൊട്ടുമുമ്പുളള രണ്ടു വർഷങ്ങളിലോ ഏതെങ്കിലും ഒരു വർഷം കുറഞ്ഞത് 20 ദിവസം എങ്കിലും അവിദഗ്ധ തൊഴിലിൽ ഏർപ്പെട്ടിട്ടുളളവരുമായവർക്ക് ക്ഷേമനിധിയിൽ അംഗങ്ങളാകാം.