സംസ്ഥാനത്ത് പ്ലസ്വൺ ക്ലാസുകൾ വ്യാഴാഴ്ച തുടങ്ങും
സംസ്ഥാനത്ത് പ്ലസ്വൺ ക്ലാസുകൾ വ്യാഴാഴ്ച തുടങ്ങും. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി ഇതുവരെ 2,33,302 കുട്ടികളാണ് പ്രവേശനം നേടിയത്. ഇവരിൽ 1,39,621 പേർ ആദ്യ രണ്ട് അലോട്ട്മെന്റുകളിലൂടെ സ്ഥിരം പ്രവേശനം നേടിയവരാണ്. 77,412 കുട്ടികൾ താത്കാലികമായി ചേർന്നവരും കായിക മികവിന്റെ അടിസ്ഥാനത്തിൽ 2,168 പേരും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വാട്ടയിൽ 11,703 പേരും ചേർന്നു. 1,184 കുട്ടികളാണ് മാനേജ്മെൻറ് ക്വാട്ടയിൽ ഔദ്യോഗികമായി പ്രവേശനം നേടിയത്. അൺഎയ്ഡഡ് ബാച്ചുകളിൽ 1,214 പേർ പ്രവേശനം നേടിയിട്ടുണ്ട്.
മൂന്നാം അലോട്ട്മെന്റിൽ ഉൾപ്പെട്ടവർ ബന്ധപ്പെട്ട സ്കൂളിൽ ഫീസടച്ച് നിർബന്ധമായും സ്ഥിരംപ്രവേശനം നേടണം. ആദ്യ അലോട്ട്മെന്റുകളെപ്പോലെ താത്കാലിക പ്രവേശനത്തിന് അനുമതിയില്ല. ഉയർന്ന ഓപ്ഷൻ ലഭിച്ചവർ താത്കാലിക പ്രവേശനം നേടിയ സ്കൂളിൽനിന്ന് ടി.സി.യും അനുബന്ധരേഖകളും വാങ്ങി പുതിയസ്കൂളിൽ ചേരണം.