Uncategorized

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.സ്ഥാപനങ്ങള്‍ മൂന്ന് മാസത്തിനകം ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍/ലൈസന്‍സ് ലഭ്യമാക്കിയിരിക്കണം. സംസ്ഥാന വ്യാപകമായി പരിശോധന തുടരാനും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.  കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഫോട്ടോ സഹിതം അപ്‌ലോഡ് ചെയ്യാന്‍ പ്രത്യേക സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായാണ് ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷനോ അല്ലെങ്കില്‍ ലൈസന്‍സോ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുന്നതാണ്. മഴക്കാലം കൂടി മുന്നില്‍ കണ്ട് ഭക്ഷ്യ സുരക്ഷാ പരിശോധന ഏറെ പ്രധാനമാണ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കാലോചിതമായി ഭക്ഷ്യ സുരക്ഷാ കലണ്ടര്‍ പരിഷ്‌ക്കരിക്കണം. പരാതികള്‍ ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യുന്നതിന് പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടാകും.

തുടര്‍ച്ചയായ പരിശോധനകള്‍ നടത്തണം. എഫ്എസ്എസ്എഐ നിര്‍ദേശിച്ച മാനദണ്ഡമനുസരിച്ച് ഒരു സ്ഥാപനത്തിലെ ഒരാളെങ്കിലും പരിശീലനം നേടിയിരിക്കണം. അവര്‍ മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കണം. എല്ലാ തലത്തിലുള്ള ഭക്ഷ്യ വസ്തുക്കളും പരിശോധിക്കണം. പരിശോധനാ സമയത്ത് അത്യാവശ്യ ഘട്ടങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സുരക്ഷ തേടാവുന്നതാണെന്നും മന്ത്രി അറിയിച്ചു.

ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ വി ആര്‍ വിനോദ്, അസി. ഭക്ഷ്യസുരക്ഷ കമ്മീഷണര്‍മാര്‍, മറ്റ് ഭക്ഷ്യസുരക്ഷ വകുപ്പ് ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button