സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കാനായി അതിര്‍ത്തികളില്‍ റെയിഡും സ്‌കൂള്‍, കോളേജ് ബസ് സ്റ്റോപ്പുകളില്‍ പട്രോളിംഗും ശക്തമാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കാനായി ലഹരിവസ്തുക്കൾ കണ്ടെത്താൻ സംസ്ഥാന അതിര്‍ത്തികളില്‍ റെയിഡും സ്‌കൂള്‍, കോളേജ് ബസ് സ്റ്റോപ്പുകളില്‍ പട്രോളിംഗും ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി അദ്ധ്യക്ഷനായി ലഹരിവിരുദ്ധ പ്രചരണത്തിന് രൂപീകരിച്ച സംസ്ഥാനസമിതി യോഗത്തിലാണ് തീരുമാനം. അതിര്‍ത്തികളില്‍ പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ് എന്നിവര്‍ ചേര്‍ന്ന് റെയിഡ് നടത്തും. ലഹരി വിരുദ്ധ പ്രചാരണത്തിന്‍റെ ഭാഗമായി പരിശോധന ശക്തമാക്കാനാണ് നിര്‍ദ്ദേശം. സംസ്ഥാനത്ത് നടക്കുന്ന ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 2ന് സംസ്ഥാനത്തുടനീളം നടത്തും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണം ഉദ്ഘാടനം ചെയ്യും. ക്യാമ്പയിന്റെ ഗൗരവം ഉള്‍ക്കൊണ്ട് മുഴുവന്‍ ജനവിഭാഗങ്ങളും മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രത്തിലും ഗ്രന്ഥശാലകളിലും ഉദ്ഘാടന പരിപാടി സംഘടിപ്പിക്കും. വിദ്യാലയങ്ങള്‍ക്ക് അവധിയാണെങ്കിലും പരിപാടി നടത്തുന്നതിനുള്ള നടപടിയുണ്ടാവണം. ഉദ്ഘാടന പരിപാടിയുടെ പ്രചരണം വ്യാപകമായി നടത്തണം.
ഒക്ടോബര്‍ 3ന് വിദ്യാലയങ്ങളിലും കലാലയങ്ങളിലും ക്ലാസ്സ് മുറികളില്‍ ലഹരിവിരുദ്ധ ചര്‍ച്ചയും സംവാദവും സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ പ്രസംഗം അന്ന് ക്ലാസ്സ് മുറികളില്‍ കേള്‍പ്പിക്കും.ലൈബ്രറികള്‍, ഹോസ്റ്റലുകള്‍, ക്ലബ്ബുകള്‍, അയല്‍ക്കൂട്ടങ്ങള്‍, റസിഡന്‍സ് അസോസിയേഷന്‍ തുടങ്ങിയ ഇടങ്ങളിൾ സംവാദവും പ്രതിജ്ഞയും നടത്തും
അതിഥി തൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണവും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളും നടത്തും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ഒക്ടോബര്‍ 9ന് ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കണം. ഒക്ടോബര്‍ 14 ന് ബസ് സ്റ്റാന്‍ഡുകള്‍, ചന്തകള്‍, പ്രധാന ടൗണുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ വ്യാപാരി വ്യവസായികളുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിക്കണം. ഒക്ടോബര്‍ 16ന് വൈകുന്നേരം 4 മുതല്‍ 7 വരെ സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കും. ഒക്ടോബര്‍ 24 ന് ദീപാലിയോടനുബന്ധിച്ച് വീടുകളില്‍ ഉള്‍പ്പെടെ ലഹരിവിരുദ്ധ ദീപം തെളിയിക്കല്‍ നടത്താവുന്നതാണ്. ഗ്രന്ഥശാലകളില്‍ ഒക്ടോബര്‍ 23, 24 തീയതികളില്‍ പ്രത്യേകം പരിപാടികള്‍ നടത്തും.
സ്‌കൂള്‍തല സമിതികളില്‍ പോലീസ്/എക്‌സൈസ് പ്രതിനിധികളെക്കൂടി പങ്കെടുപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തിയേറ്ററുകളില്‍ ലഹരി വിരുദ്ധ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. സമുഹമാധ്യമങ്ങള്‍ വഴി ശക്തമായ പ്രചരണം നടത്തും. വിവിധ ഭാഷകളില്‍ പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. പരിപാടിക്ക് പിന്തുണ തേടി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം സെപ്തംബര്‍ 27നും മാധ്യമ മാനേജ്‌മെന്റ് യോഗം 28നും മത, സാമുദായിക, സാമൂഹ്യ സംഘടനാ പ്രതിനിധിയോഗം 30 നും മുഖ്യമന്ത്രി വിളിച്ചു. യോഗത്തില്‍ മന്ത്രിമാരായ കെ. രാജന്‍, പി. രാജീവ്, കെ. രാധാകൃഷ്ണന്‍, എം.ബി. രാജേഷ്, വീണാ ജോര്‍ജ്, വി. ശിവന്‍കുട്ടി, വി.അബ്ദു റഹ്‌മാന്‍, ഡോ. ആര്‍. ബിന്ദു, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.