സംസ്ഥാനത്ത് റേഷൻ വ്യാപാരിസംഘടനകൾ 16ന് റേഷൻ കടകൾ അടച്ച് സമരം നടത്തും
സംസ്ഥാനത്തെ റേഷൻ വ്യാപാരി സംഘടനകൾ സംയുക്തമായി 16ന് റേഷൻ കടകൾ അടച്ച് സമരം നടത്തും. കഴിഞ്ഞ രണ്ട് മാസം വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിനുള്ള കമ്മീഷൻ തുക ലഭിക്കാത്തതിൽ പ്രതിഷേധിച്ചും വേതന പാക്കേജ് പരിഷ്കരിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചുമാണ് സമരം.
16ന് സെക്രട്ടേറിയറ്റിലേക്കു നടക്കുന്ന മാർച്ച് മുൻമന്ത്രിയും സി.പി.എം നേതാവുമായ ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. ലൈസൻസികൾക്കും സെയിൽസ്‌മാൻമാർക്കും ജീവിക്കാനാവശ്യമായ വരുമാനം ഉറപ്പാക്കുക, കേരള റേഷനിംഗ് ഓർഡർ പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കുക, കെ- സ്‌റ്റോർ സംവിധാനം സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.
റേഷൻ വ്യാപാരികളെ ഞെരുക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ പറഞ്ഞു. 16ന് സെക്രട്ടറിയേറ്റ് പടിക്കൽ ധർണ്ണ സംഘടിപ്പിക്കുമെന്നും ജോണി നെല്ലൂർ വ്യക്തമാക്കി.