സംസ്ഥാനത്ത് 22ന് ബാങ്ക് പണിമുടക്ക്
കനേഡിയൻ കമ്പനിയായ ഫെയർ ഫാക്സ് 51 ശതമാനം ഓഹരി കൈവശപ്പെടുത്തിയതോടെ സി.എസ്.ബി ബാങ്കിൽ (പഴയ കാത്തലിക് സിറിയൻ ബാങ്ക്) വരുന്ന ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ മാറ്റങ്ങൾക്കെതിരെ ഈമാസം 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. 20 മുതൽ മൂന്ന് ദിവസങ്ങളിലായി സി.എസ്.ബി ബാങ്കിൽ നടക്കുന്ന പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് എല്ലാ ബാങ്കുകളിലും ഒരു ദിവസം പണിമുടക്കുന്നത്.
ബാങ്ക് ഓഫീസർമാരുടെയും ജീവനക്കാരുടെയും ഒമ്പത് സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു.എഫ്.ബി.യു) ആഹ്വാനം ചെയ്യുന്ന പണിമുടക്കിന് എല്ലാ ട്രേഡ് യൂണിയൻ സംഘടനകളും ഉൾപ്പെട്ട സമര സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
20 മുതൽ മൂന്ന് ദിവസം സി.എസ്.ബി ബാങ്കിലും 22ന് സംസ്ഥാനത്ത് എല്ലാ ബാങ്കിലും ഇടപാടുകൾ സ്തംഭിക്കുമെന്ന് സമര സഹായ സമിതി ചെയർമാനും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുൻ മന്ത്രി കെ.പി. രാജേന്ദ്രനും ജനറൽ കൺവീനറും സി.ഐ.ടി.യു ദേശീയ സെക്രട്ടറിയുമായ മുൻ എം.പി കെ. ചന്ദ്രൻ പിള്ളയും വാർത്തസമ്മേളനത്തിൽ അറിയിച്ചു.