KERALA

സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി കൊറോണ ബാധ; കേരളം മുഴുവന്‍ ലോക്ക് ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ വൈറസ് ബാധിതരുടെ എണ്ണം 91 ആയി. അസാധാരണ സാഹചര്യത്തിലേക്ക് നീങ്ങുന്ന സ്ഥിതിയില്‍  കേരളത്തിലാകെ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ മാര്‍ച്ച് 31 വരെയാണ് ലോക്ക് ഡൗണ്‍. തുടര്‍ന്നുള്ളകാര്യം പിന്നീട് തീരുമാനിക്കും.

 

അടച്ചു പൂട്ടലിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുമെന്നും പൊതു ഗതാഗതം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവശ്യ സാധനങ്ങളുടെയും മരുന്നിന്റെയും ലഭ്യത ഉറപ്പാക്കും.

 

കാസര്‍കോട് ജില്ലയില്‍ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ അഞ്ചുപേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കും എറണാകുളം ജില്ലയില്‍ രണ്ടുപേര്‍ക്കും തൃശ്ശൂര്‍ ജില്ലയില്‍ ഒരാള്‍ക്കുമാണ് തിങ്കളാഴ്ച പുതുതായി കോവിഡ് -19 സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ നാലുപേര്‍ രോഗമുക്തി നേടിയതുകൂടി കണക്കിലെടുത്താല്‍ 95 പേര്‍ക്കാണ് ഇതുവരെ കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് കൊറോണ സ്ഥിരീകരിച്ചവരില്‍ 25 പേരും ദുബായില്‍നിന്ന് എത്തിയവരാണ്.

 

ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമ്പോള്‍ സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെയും മരുന്നിന്റെയും ലഭ്യത ഉറപ്പാക്കും.കെഎസ്ആര്‍ടിസിയോ സ്വകാര്യ ബോസോ ഓടില്ല. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും. പെട്രോള്‍ പമ്പ്, എല്‍പിജി വിതരണം എന്നിവ ഉണ്ടാകും. ആശുപത്രികള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കി പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളിലെ ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ നിര്‍ത്തിവെക്കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും മെഡി ഷോപ്പുകളും തുറക്കും. മറ്റു കടകള്‍ അടച്ചിടണം. റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഹോം ഡെലിവറി അനുവദിക്കും.

 

കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെയാവും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കുക. കാസര്‍കോട് ജില്ലയില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കും. സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ഉള്ളവര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നകാര്യം പരിഗണിക്കും.

 

ജനങ്ങള്‍ വലിയ തോതില്‍ പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. അത്യാവശ്യത്തിന് ഇറങ്ങുന്നവര്‍ ശാരീരിക അകലം അടക്കമുളളവ പാലിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button