സംസ്ഥാനവ്യാപകമായി ഓഗസ്റ്റ് ഒന്നിനും രണ്ടിനും ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ് സംഘടിപ്പിക്കും
മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പരിധിയില്‍ കൊണ്ടു വരുന്നതിനായി സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ് 2023 സംഘടിപ്പിക്കും. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഒന്നിനും രണ്ടിനുമാണ് ലൈസന്‍സ് ഡ്രൈവ് നടത്തുന്നത്. സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധനകള്‍ നടത്തുന്നതിനാണ് ഡ്രൈവ് ലക്ഷ്യം വെയ്ക്കുന്നത്.
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. മുഴുവന്‍ ഭക്ഷ്യസ്ഥാപനങ്ങളും അവരുടെ വരുമാന പരിധിയനുസരിച്ച് രജിസ്‌ട്രേഷനോ ലൈസന്‍സോ ഉറപ്പ് വരുത്തണം. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇല്ലാതെ ഭക്ഷ്യ സംരംഭങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
സ്വന്തമായി ഭക്ഷണം നിര്‍മ്മിച്ച് വില്‍പന നടത്തുന്നവര്‍, പെറ്റി റീടെയ്‌ലര്‍, തെരുവ് കച്ചവടക്കാര്‍, ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്നവര്‍, താല്കാലിക കച്ചവടക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ് രജിസ്‌ട്രേഷന്‍ അനുമതിയോടെ പ്രവര്‍ത്തിക്കാവുന്നത്. എന്നാല്‍, ജീവനക്കാരെ ഉള്‍പ്പെടുത്തി തട്ടുകട നടത്തുന്നവര്‍ ലൈസന്‍സ് എടുക്കേണ്ടതാണ്.