സംസ്ഥാന സര്‍ക്കാരുമായുള്ള പോരില്‍ കേരള സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് പുതിയ പോര്‍മുഖം തുറന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സംസ്ഥാന സര്‍ക്കാരുമായുള്ള പോരില്‍ കേരള സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് പുതിയ പോര്‍മുഖം തുറന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വി.സി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഉടന്‍ നിര്‍ദേശിക്കണമെന്ന് ഗവര്‍ണര്‍ സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കി. അടുത്തമാസം 24ന് നിലവിലെ വൈസ് ചാന്‍സിലറുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് രാജ്ഭവന്റെ നീക്കം.

നിയമസഭ പാസാക്കിയ സര്‍വകലാശാല നിയമഭേദഗതി ബില്ല് ഒപ്പിടാത്ത സാഹചര്യത്തിലാണ് ഗവര്‍ണറുടെ പുതിയ നീക്കം. ബില്ല് നിയമം ആകാത്തതുകൊണ്ട്, നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം വി.സിയെ കണ്ടെത്തല്‍. മൂന്നംഗ സേര്‍ച്ച് കമ്മിറ്റിയില്‍ രണ്ട് അംഗങ്ങളെ ഗവര്‍ണര്‍ തീരുമാനിച്ചിട്ട് ആഴ്ചകളായി.

സെനറ്റ് പ്രതിനിധിയായി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ വി.കെ.രാമചന്ദ്രനെ നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറിയിരുന്നു. ഇതില്‍ കുലുങ്ങാതിരുന്ന ഗവര്‍ണര്‍, തന്റേയും യുജിസിയുടേയും പ്രതിനിധികളെ നിശ്ചയിച്ച് വിജ്ഞാപനമായി പുറത്തിറക്കി. സെനറ്റ് പ്രതിനിധിയെ ഉടന്‍ അറിയിക്കണമെന്ന് രാജ്ഭവന്‍ ആവശ്യപ്പെട്ടതോടെ സര്‍വകലാശാല സമ്മര്‍ദത്തിലായിരിക്കുകയാണ്.

വാര്‍ത്താസമ്മേളനത്തിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ക്കു സമാന്തരമായി തന്റെ അധികാരം ഉപയോഗിച്ചും സര്‍ക്കാരിനെ പ്രതിരോധത്തില്‍ നിര്‍ത്താനാണ് ഗവര്‍ണറുടെ ശ്രമം. ബില്ല് ഗവര്‍ണര്‍ ഒപ്പിടുകയും നിയമമാകുകയും ചെയ്തിരുന്നെങ്കില്‍ സര്‍ക്കാരിന് ഭൂരിപക്ഷമുള്ള അഞ്ചംഗ സെര്‍ച്ച് കമ്മിറ്റിയായിരുന്നേനെ വൈസ് ചാന്‍സിലറെ നിയമിക്കുക.

Comments

COMMENTS

error: Content is protected !!