സംസ്ഥാന സ്കൂള്‍ കായികമേളയുടെ മുഴുവന്‍ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കാൻ ഓണ്‍ലൈന്‍ സംവിധാനവുമായി കൈറ്റ്

ഡിസംബര്‍ 3 ന് തുടങ്ങുന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ മുഴുവന്‍ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം കൈറ്റ് സജ്ജമാക്കി. ജില്ലാതലം മുതല്‍ സംസ്ഥാനതലം വരെ മത്സര നടത്തിപ്പിന്റെ വിശദാംശങ്ങള്‍  www.sports.kite.kerala.gov.in പോര്‍ട്ടല്‍ വഴി സബ് പൂര്‍ണമായും ഓണ്‍ലൈനായി ലഭിക്കും.

മത്സര വേദികളിലെ തത്സമയ ഫലവും, മീറ്റ് റെക്കോര്‍ഡുകളും പോര്‍ട്ടലിലൂടെ ലഭിക്കും. ഓരോ കുട്ടിയുടെയും ഉപ ജില്ലാതലം മുതല്‍ ദേശീയതലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള എസ് എസ് യു ഐ ഡി (സ്കൂള്‍ സ്പോര്‍ട്സ് യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍) ഈ വര്‍ഷം പുതുതായി നിലവില്‍ വരുമെന്ന് കൈറ്റ് സി ഇ ഒയായ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.

കായികമേള ലോകത്തെവിടെ നിന്നും  കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയും ചാനലിന്റെ വെബ്, മൊബൈല്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും ലൈവായി കാണാനും ഈ വര്‍ഷം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 3-ന് രാവിലെ 07.00 മുതല്‍ 11.00 വരെയും ഉച്ചയ്ക്ക് 01.00 മുതല്‍ 05.00 വരെയും ഡിസംബര്‍ 4-ന് രാവിലെ 06.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും വൈകുന്നേരം 04.10 മുതല്‍ രാത്രി 08.30 വരെയും കൈറ്റ് വിക്ടേഴ്സില്‍ ലൈവായി കായികമേള കാണാം.

തിങ്കളാഴ്ച രാവിലെ 06.30 മുതല്‍ 12.00 വരെയും വൈകുന്നേരം 03.20 മുതല്‍ 08.30 വരെയുമാണ് ലൈവ്. കായികമേളയുടെ അവസാന ദിവസമായ ചൊവ്വാഴ്ച രാവിലെ 06.30 മുതല്‍ വൈകുന്നേരം 04.30 വരെയും ലൈവുണ്ടായിരിക്കും. www.victers.kite.kerala.gov.in, KITE VICTERS മൊബൈല്‍ ആപ്പ് എന്നിവ വഴിയും victerseduchannel എന്ന ഫേസ്ബുക്ക് പേജ് വഴിയും പരിപാടികൾ ലൈവായി കാണാം.

Comments

COMMENTS

error: Content is protected !!