സംസ്ഥാന സർക്കാർ ‘ ഉജ്വല ബാല്യം പുരസ്കാരം 2022’ നൽകുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാർ ‘ ഉജ്വല ബാല്യം പുരസ്കാരം 2022’ നൽകുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ്പനിർമാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നിങ്ങനെ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന ആറ് വയസിനും 18 വയസിനും മദ്ധ്യേ പ്രായമുള്ള കുട്ടികളെ (ഭിന്ന ശേഷിക്കാരായ കുട്ടികൾ ഉൾപ്പെടെ) കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നൽകുന്ന പുരസ്കാരമാണ് ഉജ്വല ബാല്യം പുരസ്കാരം.
ഒരു ജില്ലയിൽ നിന്ന് നാല് കുട്ടികൾക്കാണ് അവാർഡ് നൽകുന്നത്. 25000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം. കുട്ടികളെ 6-11 വയസ്സ്, 12-18 വയസ്സ് എന്നീ രണ്ട് വിഭാഗങ്ങളിലായി തരം തിരിച്ചും ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിച്ച് (6-11 വയസ്സ്, 12-18 വയസ്സ്) എന്നീ രണ്ട് വിഭാഗങ്ങളിലായിട്ടുമാണ് അവാർഡ് നൽകും.
ഇത്തരം മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് നിശ്ചിത മാതൃകയിൽ അപേക്ഷിക്കാം. കേന്ദ്ര സർക്കാരിന്റെ നാഷണൽ ചൈൽഡ് അവാർഡ് ഫൊർ എക്‌സ്പ്ഷണൽ അച്ചീവ്‌മെന്റ് കരസ്ഥമാക്കിയ കുട്ടികൾ ഈ അവാർഡിന് അപേക്ഷിക്കാൻ അർഹരല്ല.
2022 ജനുവരി ഒന്ന് മുതൽ 2022 ഡിസംബർ 31 വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളെയാണ് അവാർഡിന് പരിഗണിക്കുക. 2023 സെപ്തംബർ പത്തിന് മുമ്പ് അപേക്ഷ സമർപ്പിക്കണം. സർട്ടിഫിക്കറ്റുകൾ, പ്രശസ്തി പത്രങ്ങൾ, കുട്ടിയുടെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുളള പുസ്തകമുണ്ടെങ്കിൽ ആയതിന്റെ പകർപ്പ്, കലാപ്രകടനങ്ങൾ ഉൾക്കൊളളുന്ന സി.ഡി/പെൻഡ്രൈവ്, പത്രക്കുറിപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം.