സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍
സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പയ്യാമ്പലത്തെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം നടന്ന അനുസ്മരണ യോഗത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
സതീശന്റെ കുടുംബത്തിന് ഇന്നൊരു വീടില്ല. കോണ്‍ഗ്രസ് വില്ല എന്ന പേരില്‍ ഒരു ഭവനം കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പണിതു കൊടുക്കും. കുടുംബത്തിന്റെ എല്ലാ ബാധ്യതയും മറ്റെല്ലാം കാര്യങ്ങളും ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഏറ്റെടുക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
സ്പിക്കര്‍ എ എന്‍ ഷംസീര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരന്‍, രമേശ് ചെന്നിത്തല, വി ഡി സതീശന്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, സിപിഎം നേതാക്കളായ ഇ പി ജയരാജന്‍ എം വി ജയരാജന്‍, മുന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എഴുത്തുകാരന്‍ ടി.പത്മനാഭന്‍, ബിജെപി നേതാവ് സി കെ പത്മനാഭന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി പയ്യാമ്പലത്ത് എത്തിയിരുന്നു.