അപൂര്‍വ രോഗം ബാധിച്ചവരെ ചേര്‍ത്തുനിര്‍ത്തി ക്രിസ്തുമസ് കാര്‍ഡും ആശംസകളുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: അപൂര്‍വ രോഗം ബാധിച്ചവരെ ചേര്‍ത്തുനിര്‍ത്തി ക്രിസ്തുമസ് കാര്‍ഡും ആശംസകളുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എറണാകുളം സ്വദേശിനിയും എസ്എംഎ ടൈപ്പ് 2 ബാധിതയുമായ ആയിഷ അഫ്രീന്‍ വരച്ച ചിത്രമാണ് ഇത്തവണ ക്രിസ്തുമസ് ആശംസകള്‍ക്കായി മന്ത്രി തെരഞ്ഞെടുത്തത്. ക്രിസ്തുമസ് കാര്‍ഡും ആയിഷയുടെ ചിത്രവും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

നടുവ് നിവര്‍ത്തി ഇരിക്കുക, യാത്ര ചെയ്യുക, യാത്ര ചെയ്യുമ്പോള്‍ പുറത്തുള്ള കാഴ്ചകള്‍ ആസ്വദിക്കുക, ശ്വാസം തടസമില്ലാതെടുക്കുവാന്‍ കഴിയുക തുടങ്ങി ജീവിതത്തില്‍ ചെറിയ ചെറിയ സന്തോഷങ്ങള്‍ ആഗ്രഹിക്കുന്ന കുറച്ചേറെ ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. എസ്എംഎ (സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി) പോലുള്ള അപൂര്‍വ്വ രോഗങ്ങള്‍ ബാധിച്ചവരാണവര്‍.

അവരുടേയും കൂടിയാണ് കേരളം. അവരെ ചേര്‍ത്തുപിടിക്കാനായുള്ള ഒരു പദ്ധതി സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ചു. ലക്ഷങ്ങള്‍ ചിലവ് വരുന്ന ചികിത്സയാണ് എസ്എംഎ രോഗത്തിന്റേത്. ചെലവേറിയ മരുന്നുകളും ഓപ്പറേഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സകളും സര്‍ക്കാര്‍ മേഖലയില്‍ ആരംഭിക്കുവാന്‍ കഴിഞ്ഞത് ഈ വര്‍ഷത്തെ വലിയ സന്തോഷമാണ്.

ഇത്തവണത്തെ ക്രിസ്തുമസ് പുതുവത്സര ആശംസകള്‍ ഇവരുടെ കഴിവുകള്‍ ഉള്‍പ്പെടുത്തിയാകട്ടെ എന്ന് ആഗ്രഹിച്ചു. എസ്എംഎ ടൈപ്പ് 2 ഉള്ള ആയിഷ അഫ്രീന്‍ എന്ന മിടുക്കി വരച്ച ചിത്രമാണ് ഇത്തവണ ക്രിസ്തുമസ് ആശംസകള്‍ക്കായി തെരഞ്ഞെടുത്തത്. ആയിഷ വലിയ സന്തോഷത്തോടെയാണ് ഈ ചിത്രം അയച്ചുതന്നത്. ആയിഷ വരച്ച ചിത്രം എത്ര പ്രതീക്ഷാനിര്‍ഭരമാണ്. ഇരുട്ടില്‍ വെളിച്ചം വിതറുന്ന ഒരുപാട് മിന്നാമിനുങ്ങുകള്‍… ഈ വെളിച്ചം പുതുവര്‍ഷ പ്രതീക്ഷകളുടേത് കൂടിയാണ്. പ്രിയപ്പെട്ട ആയിഷയുടെ ചിത്രവും ഒപ്പം ചേര്‍ക്കുന്നു.

എല്ലാവര്‍ക്കും ക്രിസ്തുമസ് പുതുവത്സര ആശംസകള്‍.

Comments

COMMENTS

error: Content is protected !!