CALICUTMAIN HEADLINES

സദ്യയൊരുക്കി, പാട്ടുപാടി തെരുവോരത്ത് ഓണവിരുന്ന്

കോഴിക്കോട്‌ : അടച്ചിട്ട പീടികമുറിയുടെ വരാന്തകളിൽ  പ്ലാസ്‌റ്റിക്‌ ഷീറ്റ്‌ വിരിച്ച്‌ കിടക്കുന്ന സുരേന്ദ്രനും തെരുവോരങ്ങളിൽ  ഉറങ്ങുന്ന രാജേന്ദ്രൻ പിള്ളയ്‌ക്കുമെല്ലാം ഞായറാഴ്‌ച  ആഘോഷമായിരുന്നു. ആളൊഴിഞ്ഞ കടവരാന്തകളും തെരുവും വിശപ്പും മാത്രം അറിഞ്ഞവർക്ക്‌ സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും തണൽ ഒരുക്കിയ പകൽ.  ഓർമകളിൽ ഓർത്തെടുത്ത വരികൾചേർത്ത്‌ അവർ  പാടി,  പൂക്കളം തീർത്തു, സദ്യയുണ്ടു…
തെരുവോരം ഡെസ്റ്റിറ്റ്യൂട്ട് കെയർ ഓർഗനൈസേഷൻ ഇന്ത്യയും റെഡ് ഈസ് ബ്ലഡ് കേരളയും ചേർന്നാണ് തെരുവിന്റെ മക്കൾക്കായി ഓണവിരുന്നൊരുക്കിയത്.  റെയിൽവേ സ്‌റ്റേഷൻ പരിസരത്ത്‌ പകൽ പതിനൊന്നരയോടെയാണ്‌ ആഘോഷം തുടങ്ങിയത്‌. നഗരത്തിലെയും പരിസരത്തെയും  തെരുവിൽ കഴിയുന്ന മുന്നൂറോളം പേർ പരിപാടിക്കെത്തി. ആദ്യം റോഡിനു സമീപം എല്ലാവരും ചേർന്ന്‌ പൂക്കളമിട്ടു. പിന്നീടായിരുന്നു കലാപരിപാടികൾ.   താഴമ്പൂമണമുള്ള തണുപ്പുള്ള രാത്രി, റോസാപ്പൂ ചിന്ന റോസാപ്പൂ തുടങ്ങിയ പാട്ടുകളുമായി അബ്ദുള്ളക്കോയ തകർത്തു.  കട വരാന്തകളിലിരുന്ന്‌ എല്ലാവരും ഊണ് കഴിച്ചു.
മുഖ്യാതിഥിയായെത്തിയ ഫിലിപ്പ് മമ്പാട് എല്ലാവർക്കും ഭക്ഷണം വിളമ്പി. നടൻ  വിനോദ് കോവൂർ അവർക്കൊപ്പമിരുന്ന് ഊണ് കഴിച്ചു.
രാഗേഷ് പെരുവള്ളൂരിന്റെ നേതൃത്വത്തിലുള്ള  തെരുവോരം ഡെസ്റ്റിറ്റ്യൂട്ട് കെയർ ഓർഗനൈസേഷൻ ഇന്ത്യയുടെ പ്രവർത്തനം അഞ്ച് ജില്ലകളിലുണ്ട്‌.   സ്‌കൂളുകളുമായി ചേർന്ന് കുട്ടികളിലൂടെ പൊതിച്ചോറ് ശേഖരിച്ച്‌ വിതരണം ചെയ്യാറുണ്ട്‌.   റഹീം, ടി വി നിഖില, ജിത്തു ചാലിയം, യൂസഫ്, ജയപ്രകാശ് മഞ്ചേരി, അനിതാദാസ്, മരയ്ക്കാർ ചേറൂൽ, ഇസ്മയിൽ കുന്നുംപുറം, സ്കൗട്ട്, എൻഎസ്എസ് വിദ്യാർഥികൾ,   തെരുവോരം വളന്റിയർമാർ എന്നിവർ നേതൃത്വം നൽകി.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button