സപ്ലൈകോ ജീവനക്കാർ ഉപഭോക്താക്കളെ കൂപ്പുകൈകളോടെ നമസ്കാരം പറഞ്ഞ് വരവേൽക്കണമെന്ന് നിർദേശം
സപ്ലൈകോ ജീവനക്കാർ ഇനി മുതൽ ഉപഭോക്താക്കളെ കൂപ്പുകൈകളോടെ നമസ്കാരം പറഞ്ഞ് വരവേൽക്കണമെന്ന് നിർദേശം. കഴിഞ്ഞ ജൂൺ ഒന്നു മുതൽ നമസ്കാരം പറയൽ നടപ്പാക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ ഇത് പ്രാവർത്തികമായില്ലെന്ന് കണ്ടെത്തിയതോടെയാണ് കേരളപ്പിറവി ദിനത്തിൽ വീണ്ടും നിർദേശം കർശനമാക്കിയിരിക്കുന്നത്.
വീണ്ടുമെത്തി സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന വിധത്തിലായിരിക്കണം സപ്ലൈകോ ജീവനക്കാരുടെ പെരുമാറ്റം എന്നാണ് നിർദേശം. സപ്ലൈകോ സ്റ്റോറുകളിലെ ശുചിത്വവും ആകർഷകത്വവും പരിപാലിക്കണം. സൗമ്യമായ പെരുമാറ്റവും നമസ്കാരം പറഞ്ഞ് വരവേൽക്കുന്നതും ഇതിന് പ്രധാനമാണെന്ന് മാർക്കറ്റിങ് മാനേജർ ജീവനക്കാരോട് വിശദീകരിച്ചു.
ഉപഭോക്താക്കളോട് സപ്ലൈകോ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പെരുമാറ്റം സംബന്ധിച്ച് നിരവധി പരാതികൾ ഇതിനോടകം തന്നെ അധികൃതർക്ക് ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ജൂൺ മുതൽ ഉപഭോക്താക്കളോടുളള പെരുമാറ്റം സംബന്ധിച്ച വിവധ നിർദേശങ്ങൾ നൽകിയത്. എന്നാൽ ഇത് പാലിക്കാതെ വന്നതോടെയാണ് നവംബർ ഒന്നു മുതൽ ഒരാഴ്ചക്കാലം നമസ്കാരം പറയാൻ നിർദേശം കർശനക്കിയത്. നിർദേശം പാലിക്കപ്പെടുന്നുണ്ടോ എന്നു ഉറപ്പുവരുത്താൻ മേഖലാ, ഡിപ്പോ മാനേജർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.