സമൂഹമാധ്യമത്തിൽ യുവതിയായി ചമഞ്ഞ് തട്ടിപ്പ്: യുവാവിനെ അടിവാരത്തു നിന്നും പിടികൂടി
സമൂഹമാധ്യമത്തിൽ യുവതിയായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ അടിവാരത്തു നിന്നും പിടികൂടി. സമൂഹ മാധ്യമങ്ങളിൽ ഷംന എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ ഗൂഡല്ലൂർ സ്വദേശി ഉബൈദുള്ളയാണ് അറസ്റ്റിലായത്. താമരശ്ശേരി പോലീസിൻ്റെ സഹായത്തോടെ കണ്ണൂർ കൊളവല്ലൂർ പൊലീസാണ് പ്രതിയെ അടിവാരത്തു നിന്നും പിടികൂടിയത്.
6 ലക്ഷം രൂപ നഷ്ടപ്പെട്ട കടവത്തൂർ സ്വദേശി എൻ.കെ മുഹമ്മദിൻ്റെ പരാതിയിലാണ് അറസ്റ്റ് 2019 മുതലാണ് ഷംന എന്ന വ്യാജ പ്രൊഫൈലിലൂടെ മുഹമ്മദ് ഉബൈദുള്ളയുമായി ബന്ധം സ്ഥാപിക്കുന്നത്.കൂടുതൽ അടുത്തതോടെ പരസ്പരം പണമിടപാട് നടത്തി തുടങ്ങി.കടമായാണ് പണം കൈപ്പറ്റിയിരുന്നത്.
ഇത്തരത്തിൽ പല തവണയായി 6 ലക്ഷം രൂപയാണ് ഉബൈദുള്ള തട്ടിയെടുത്തത്.പണം തിരികെ നൽകാൻ ഒരു വർഷ കാലാവധിയും പറഞ്ഞിരുന്നു എന്നാൽ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതായതോടെയാണ് മുഹമ്മദ് കൊളവല്ലൂർ പൊലീസിൽ പരാതി നൽകിയത്.അന്വേഷണം ആരംഭിച്ച് ഷംനക്ക് പിന്നാലെ പോയ പൊലീസിന് പക്ഷെ കണ്ടെത്താനായത് ഉബൈദുള്ളയെയാണ്.