KERALA

കെഎസ്ആർടിസിയിൽ ജനുവരി മുതൽ വമ്പൻ മാറ്റങ്ങൾ

തിരുവനന്തപുരം: 2024 ജനുവരി 15 ഓടുകൂടി സംസ്ഥാനത്തെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ട്രാവൽ കാർഡ് സംവിധാനം നടപ്പിലാക്കുന്നതിൻ്റെ  ഭാഗമായി പുതിയ ടിക്കറ്റ് മെഷീനുകൾ കെഎസ്ആർടിസി ഡിപ്പോകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. പുതിയ ടിക്കറ്റ് മെഷീനിൻ്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കണ്ടക്ടർമാർക്ക് പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് കെഎസ്ആർടിസി ബസുകളിൽ ഈ മെഷീൻ ഉപയോഗിച്ചു തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

പുതിയ ടിക്കറ്റ് മെഷീൻ എത്തുന്നതോടെ ട്രാവൽ കാർഡ് സൗകര്യം മാത്രമല്ല ഡെബിറ്റ്, ക്രെഡിറ്റ്  കാർഡ് സൗകര്യവും കൂടാതെ യുപിഐ പെയ്മെൻ്റ് സംവിധാനവും കെഎസ്ആർടിസി ബസുകളിൽ എത്തുമെന്നും അധികൃതർ വ്യക്തമാക്കുന്നു. നിലവിലെ ടിക്കറ്റ് മെഷീൻ മാറ്റി പുതിയ ടിക്കറ്റ് മെഷീനുകൾ കണ്ടക്ടർമാർക്ക് വിതരണം ചെയ്യുന്ന നടപടിക്രമങ്ങൾ ഈ ആഴ്ചയുടെ ആരംഭിക്കും. അടുത്തമാസം പതിനഞ്ചാം തീയതിയോടെ ടിക്കറ്റ് മെഷീനുകളുടെ വിതരണം പൂർത്തിയാക്കി കെഎസ്ആർടിസി സർവീസുകളിൽ പുതിയ ടിക്കറ്റ് സംവിധാനം നടപ്പിൽ വരുമെന്നാണ് കെഎസ്ആർടിസി അധികൃതർ  നൽകുന്ന സൂചന.

പുതിയ ടിക്കറ്റ് മെഷീനുകളിൽ ട്രാവൽ കാർഡ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യുപിഐ പെയ്മെൻ്റ് സംവിധാനം എന്നിവ ഉപയോഗിക്കാൻ കഴിയും. കയ്യിൽ പണം കൊണ്ടു നടക്കാതെ തന്നെ ബസ്സുകളിൽ കയറാൻ കഴിയുമെന്നുള്ളതാണ് പ്രത്യേകത. മാത്രമല്ല പുതിയ ടിക്കറ്റ് മെഷീനുകളിൽ പോകേണ്ട സ്ഥലത്തിൻ്റെ കോഡ് അടിക്കുന്നതിനു പകരം സ്ഥലത്തിൻ്റെ പേര് പറഞ്ഞു നൽകിയാൽ മതിയാകും. ഇത്തരത്തിൽ നിരവധി ആധുനിക സൗകര്യങ്ങളോടുകൂടിയാണ് കെഎസ്ആർടിസി ബസ്സുകളിൽ പുതിയ ടിക്കറ്റ് സംവിധാനം എത്തുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button