സ്വപ്നയെ ജയിലില്‍ ഭീഷണിപ്പെടുത്തിയിട്ടില്ല; പരാതിയിൽ കഴമ്പില്ല: ഡിഐജിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം∙ സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിനെ ജയിലെത്തി ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ജയിൽ ഡിഐജിയുടെ റിപ്പോർട്ട്. ജയിൽ ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകിയിട്ടില്ലെന്നു സ്വപ്ന പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. അഭിഭാഷകൻ പറഞ്ഞ രേഖകളിൽ ഒപ്പിടുക മാത്രമാണുണ്ടായതെന്നും സ്വപ്ന ഉദ്യോഗസ്ഥരോടു പറഞ്ഞു. കോടതിയിൽ സ്വപ്ന പറഞ്ഞതിനു വിരുദ്ധമാണ് നിലവിലെ മൊഴി.

സ്വർണക്കടത്തു കേസിൽ ഉന്നതരുടെ പേര് വെളിപ്പെടുത്താതിരിക്കാൻ ജയിൽ, പൊലീസ് ഉദ്യോഗസ്ഥർ തന്നെ ജയിലിൽ ഭീഷണിപ്പെടുത്തിയെന്നും ജീവനു ഭീഷണിയുണ്ടെന്നുമാണ് സ്വപ്ന കോടതിയെ അറിയിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ സ്വപ്നയുടെ അഭിഭാഷകൻ ഇക്കാര്യങ്ങൾ അറിയിച്ചതിനെത്തുടർന്ന് സുരക്ഷ നൽകാൻ കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ജയിലിൽ സായുധ പൊലീസിന്‍റെ കാവൽ ഏർപ്പെടുത്തുകയും സ്വപ്നയുടെ സെല്ലിൽ മുഴുവൻ സമയവും വനിതാ പൊലീസിന്റെ സുരക്ഷ ഒരുക്കുകയും ചെയ്തിരുന്നു.

ജയിലിലെ സിസിടിവി ദൃശ്യങ്ങളും സന്ദർശന റജിസ്റ്ററും പരിശോധിച്ചശേഷമാണ് ഡിഐജി സ്വപ്നയുടെ മൊഴിയെടുത്തത്. ബന്ധുക്കളായ 5 പേർക്കു പുറമേ കേന്ദ്ര അന്വേഷണ ഏജൻസികളും വിജിലൻസ് ഉദ്യോഗസ്ഥരുമാണ് സ്വപ്നയെ സന്ദർശിച്ചത്. എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു ആക്ഷേപം ഉന്നയിച്ചതെന്ന ചോദ്യത്തിനു കൃത്യമായ മറുപടി പറയാതെ അഭിഭാഷകൻ ചില കടലാസുകൾ നൽകി എന്നാണ് സ്വപ്ന പറഞ്ഞത്. ഏതെങ്കിലും ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയോ, അവരെ അറിയാമോ എന്ന ചോദ്യത്തിന് അങ്ങനെ ഉണ്ടായിട്ടില്ലെന്നു സ്വപ്ന മറുപടി പറഞ്ഞതായി ജയിൽ ഉദ്യോഗസ്ഥർ പറയുന്നു.

ജയിൽ ഡിജിപി ഇക്കാര്യങ്ങൾ പരിശോധിച്ചശേഷം അന്തിമ റിപ്പോർട്ട് സർക്കാരിനു നൽകും. സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ മൊഴി മാറ്റിയതെന്തിനെന്നു വ്യക്തമല്ല. സ്വപ്നയുടേതെന്ന പേരിൽ ജയിൽ ഉദ്യോഗസ്ഥർ റിപ്പോർട്ടിൽ ഇക്കാര്യം കൂട്ടിചേർത്തതാണോ എന്നതിലും വ്യക്തത വരാനുണ്ട്.

Comments

COMMENTS

error: Content is protected !!