KERALAMAIN HEADLINES

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധി നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയേക്കും

നാലാം ശനിയാഴ്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  അവധി നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയേക്കും. നിര്‍ദേശം ഉപേക്ഷിക്കാന്‍ സര്‍ക്കാറില്‍ ധാരണയായെന്നാണ് വിവരം. അവധി സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി വി പി ജോയ് ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുന്നതിന് ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാല്‍ ജീവനക്കാരുടെ ശക്തമായ എതിര്‍പ്പ് അറിയിച്ചതിനാലാണ്  പിന്മാറ്റം.

സര്‍ക്കാര്‍ മുന്നോട്ട് വെച്ച വ്യവസ്ഥകളോട് ജീവനക്കാര്‍ സഹകരിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. നാലാം ശനി അവധി നല്‍കുന്നതിന് നിലവിലുള്ള ശമ്പളത്തോടെയുള്ള അവധി 20 ദിവസത്തില്‍ നിന്ന് 15 ആക്കി കുറയ്ക്കുക, പ്രതിദിന പ്രവര്‍ത്തന സമയം രാവിലെ 10.15 മുതല്‍ 5.15 എന്നത് പത്ത് മുതല്‍ 5.15 വരെയാക്കുക തുടങ്ങിയ വ്യവസ്ഥകളായിരുന്നു സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരുന്നത്.

അവധി ദിവസം കുറയ്ക്കുന്നതിനെ പ്രതിപക്ഷ സംഘടനകള്‍ എതിര്‍ത്തപ്പോള്‍ രണ്ട് വ്യവസ്ഥകളോടും സിപിഐഎം അനുകൂല സംഘടനകള്‍ക്ക് താല്‍പ്പര്യവുമില്ലായിരുന്നു. ഭരണപക്ഷ, പ്രതിപക്ഷ യൂണിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ശമ്പളത്തോടെയുള്ള അവധി ദിവസം വെട്ടിക്കുറക്കുന്നതില്‍ ചില ഇളവുകള്‍ക്ക് തയ്യാറാണെന്ന സൂചന സര്‍ക്കാര്‍ നല്‍കിയിരുന്നു.

എന്നാല്‍ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനും എന്‍ജിഒ യൂണിയനും അവധി വേണ്ടെന്ന നിലപാട് എടുത്തതോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ നിന്ന് പിന്മാറാനൊരുങ്ങുന്നത്. എന്നാൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകമാവും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button