കെഎസ്ആർടിസി സിറ്റി സർക്കുലറിനും, ​ഗ്രാമവണ്ടിക്കും കേന്ദ്ര പുരസ്കാരം

കേന്ദ്ര സര്‍ക്കാരിന്‍റെ  ഭവന-നഗര കാര്യ വകുപ്പിന്റെ  ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനം ഉള്ള നഗരം  എന്ന വിഭാഗത്തിൽ കെഎസ്ആര്‍ടിസി സിറ്റി സർക്കുലർ സർവീസിന് ലഭിച്ചു.  ഏറ്റവും മികച്ച പൊതുജന പങ്കാളിത്തത്തോടെയുള്ള ഗതാഗത ആസൂത്രണ വിഭാഗത്തിൽ  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ആരംഭിച്ച ഗ്രാമവണ്ടി പദ്ധതിക്ക് ഏറ്റവും മികച്ച നഗരഗതാഗത പുരസ്കാരവും  ലഭിച്ചു.

ഇന്ത്യയിലെ എല്ലാ നഗര പ്രദേശങ്ങളിലേയും പൊതു ഗതാഗതം ശക്തിപ്പെടുത്തുന്നതിന് ആവിഷ്കരിച്ച പദ്ധതികൾ ആണ് അവാർഡിന് പരിഗണിച്ചത്.  ഈ മാസം 6 ന് കൊച്ചിയിൽ വെച്ച് നടക്കുന്ന    അർബൻ മൊബിലിറ്റി ഇന്ത്യയുടെ കോൺഫെറെൻസിൽ വച്ച്  കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ , കേന്ദ്ര ഭവനവും നഗരകാര്യ വകുപ്പ് മന്ത്രിയുമായ  കൗശൽ കിഷോറിന്റെ സാന്നിധ്യത്തിൽ സമ്മാനിക്കും.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഗ്രാമവണ്ടി എന്ന പേരിൽ ആരംഭിച്ച  നൂതന സംരംഭത്തിനും ഏറ്റവും മാതൃകാപരമായതും പൊതു ജനപങ്കാളിത്തമുള്ളതുമായ പദ്ധതി എന്ന നിലയിലുള്ള പുരസ്കാരമാണ് ലഭിച്ചത്.  ഈ പദ്ധതിയിൽ പൊതു ജനങ്ങളും,വകുപ്പുകളും, സ്ഥാപനങ്ങളും, വ്യക്തികളും, പൊതുജനസേവനത്തിനായി മുതൽ മുടക്കുന്നത്  ഇന്ത്യയിലെ നഗര ഗതാഗത സംവിധാനത്തിലെ അതി നൂതന ചുവടുവയ്പാണെന്നാണ് വിലയിരുത്തുന്നത്.  സാധാരണക്കാരായ പൊതു ജനങ്ങൾക്കും, ജനപ്രതിനിധികൾക്കും പൊതു ഗതാഗതം അവരുടെ ആവശ്യപ്രകാരം പ്രവർത്തികമാക്കുന്നതിനു ഉള്ള സൗകര്യവും ഇതിലൂടെ ലഭിക്കുകയും  ചെയ്യുന്നു.  ഇതിനോടോപ്പം  നഗരങ്ങളിലെ സിറ്റി സർവീസിന് അനുബന്ധം ആയി ഒറ്റപ്പെട്ട മേഖലകളെ ചിലവ് ഷെയർ ചെയ്യുന്ന രീതിയിൽ  ഗ്രാമവണ്ടി എന്ന പദ്ധതിയിലൂടെ   ബന്ധിപ്പിച്ച പദ്ധതിക്കാണ്  മികവിന്റെ പുരസ്കാരം കരസ്ഥമാക്കിയത്.

2 അവാർഡുകളും കേരളത്തിലെ പൊതു ഗതാഗത സംവിധാനത്തിന്റെ ജീവനാഡിയായി പ്രവർത്തിക്കുന്ന കെഎസ്ആർടിസിയുടെ കിരീടത്തിലെ ഒരു പൊൻതൂവലാണ്. പുതിയ പരീക്ഷണങ്ങളിലൂടേയും, കാതലായ മാറ്റങ്ങളിലൂടേയും കൂടുതൽ ജനങ്ങളിലേക്കും മേഖലകളിലേക്കും പൊതു ഗതാഗത സംവിധാനം എത്തുന്നതിനാണ് കെഎസ്ആർടിസി ശ്രമിച്ചു വരുന്നത്. അഖിലേന്ത്യ തലത്തിലുള്ള ഈ അവാർഡുകൾ കെഎസ്ആർടിസി യുടേയും, സംസ്ഥാനത്തിന്റയും നവഗതാഗത പരിഷ്കാരങ്ങൾക്കു വർദ്ധിത ഊർജം ആണ് പകർന്നിരിക്കുന്നത്.

Comments

COMMENTS

error: Content is protected !!