സര്‍ഗോത്സവം 2019′ ജനുവരി നാലിന് കോഴിക്കോട്ട്; ലോഗോ പ്രകാശനം ചെയ്തു 

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ വരുന്ന സംസ്ഥാനത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ സംസ്ഥാന തല കലാമേളയായ ‘സര്‍ഗോത്സവം 2019’ ജനുവരി നാല്, അഞ്ച്, ആറ് തീയതികളില്‍ ഈസ്റ്റ്ഹില്‍ ഗവണ്‍മെന്റ് ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ് ഗ്രൗണ്ടിൽ നടക്കും. തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ജനുവരി അഞ്ചാം തീയതി രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും.
സര്‍ഗോത്സവം ലോഗോ ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ബാബു പാറശ്ശേരി പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ പി പുകഴേന്തിക്ക്‌ നൽകി പ്രകാശനം ചെയ്തു.
ജനുവരി നാലിന് രാവിലെ കാരപറമ്പ് ജംഗ്ഷൻ മുതൽ ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് ഗ്രൗണ്ട് വരെ ഘോഷയാത്രയോടു കൂടിയാണ് പരിപാടികൾക്ക്‌ തുടക്കമാവുക. സമാപന സമ്മേളനം ആറാം തീയതി വൈകിട്ട് അഞ്ച് മണിക്ക് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നിന്നും പ്രീമെട്രിക് ഹോസ്റ്റലുകളിൽ  നിന്നുമുള്ള വിദ്യാർഥികൾ മൂന്നു നാൾ ജില്ലയിൽ കലാവിരുന്നൊരുക്കും.
പട്ടികവര്‍ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. ശശീന്ദ്രന്‍, ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ സെയ്ദ് നെയിം, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!