സവർണ്ണ ഹിന്ദുരാഷ്ട്രത്തിന് വിളക്കു പിടിക്കാനുള്ള ആറാട്ടുമുണ്ടന്മാരായിത്തീരുകയാണോ ഇന്ത്യൻ ജുഡീഷ്യറി
എൻ വി ബാലകൃഷ്ണൻ
ഇക്കാലത്തെ ഏറ്റവും ക്രൂരവും കാളരാത്രിയേക്കാൾ ഇരുണ്ടതുമായ ഒരു തമാശയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം ജർമ്മനിയിൽ പറഞ്ഞത്. ലോകത്തെ ജനാധിപത്യം പഠിപ്പിച്ചത് ഇന്ത്യയാണെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. അതും അടിയന്തരാവസ്ഥാ വാർഷിക ദിനത്തിലാണ് അദ്ദേഹമിത് പറഞ്ഞത്. ലോകം ആദരിക്കുന്ന മനുഷ്യാവകാശ പ്രവർത്തക ട്വീസ്റ്റാ സെററൽവാദിനേയും മുൻ ഗുജറാത്ത് ഡി ജി പി യും മലയാളിയുമായി ആർ ബി ശ്രീകുമാറിനേയും സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ് ഐ ടി) അറസ്റ്റ് ചെയ്തിട്ട് നേരത്തോട് നേരം കഴിഞ്ഞിരുന്നില്ല അപ്പോൾ. അറസ്റ്റു ചെയ്തതു മുതൽ സ്വന്തം വക്കീലിനെപ്പോലും കാണാനുവദിക്കാതെ കടുത്ത പീഡനമാണ് പോലീസ് അവരോട് കാണിക്കുന്നതെന്ന് ഇന്ദിരാ ജെയ്സിംഗിനേപോലുള്ള മുതിർന്ന അഭിഭാഷകർ പറയുന്നു. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധിന്യായം ആരിലും ഞെട്ടലുളവാക്കും. “വംശഹത്യക്ക് പിന്നിൽ ഉന്നതല ഗൂഡാലോചനയോ ആസൂത്രണമോ ഉണ്ടായിട്ടില്ല” എന്ന് നിരീക്ഷിച്ച കോടതി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ റിപ്പോർട്ട് പൂർണ്ണമായും അംഗീകരിച്ചു. “ഗൂഡ ലക്ഷ്യത്തോടെ ഈ വിഷയം ചൂടാക്കി നിർത്താനുള്ള നീക്കമാണ് ട്വീസ്റ്റയും മറ്റും ചെയ്തത്. ഭർത്താവ് കൊല്ലപ്പെട്ട സാക്കിയാ ജാഫ്രിയുടെ വികാരങ്ങൾ ട്വീസ്റ്റ ചൂഷണം ചെയ്തു. എ സി മുറികളിൽ സുഖമായിരുന്ന് നീതിക്ക് വേണ്ടി പോരാടുന്നവർക്ക് സമൂഹത്തിന്റെ താഴെത്തക്കിലുള്ള യാഥാർത്ഥ്യങ്ങൾ അറിയില്ല. സംഞ്ജീവ് ഭട്ട്, ആർ ബി ശ്രീകുമാർ തുടങ്ങിയ അസംതൃപ്തരായ ചില ഉദ്യോഗസ്ഥരും മറ്റുള്ളവരും വ്യാജ വെളിപ്പെടുത്തലുകൾ നടത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു” തുടങ്ങിയ നിരീക്ഷണങ്ങളും കോടതി നടത്തി. ഇവരെ പ്രോസിക്യൂട്ട് ചെയ്യാൻ തുടർന്ന് അനുമതി നൽകുകയും ചെയ്തു. ചെറിയൊരാശ്വാസം തോന്നിയത് ഗുജറാത്തിൽ അങ്ങിനെയൊരു വംശഹത്യയോ വർഗ്ഗീയ കലാപമോ നടന്നിട്ടില്ലാ എന്നു മാത്രം ബഹുമാനപ്പെട്ട കോടതി പറഞ്ഞില്ലാ എന്നതാണ്. ഇതിനെ തുടർന്നാണ് അമിത് ഷായുടെ മോദീവാഴ്ത്തുകളും മറ്റും പുറത്തു വരുന്നത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം ട്വീസ്റ്റയും ശ്രീകുമാറും അവരവരുടെ വീടുകളിൽ നിന്ന് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയുടെയും മനുഷ്യാവകാശ വിഭാഗമുൾപ്പെടെ ലോകമാകെ ശക്തമായ പ്രതഷേധമുയർന്നു. അറസ്റ്റിന് കാരണമായ വിധിന്യായം പുറപ്പെടുവിച്ച ജഡ്ജിമാരാരും അടിയിൽ ഒപ്പുവെക്കാൻ പോലും തയാറായില്ലെന്നും ഇന്ദിരാ ജെയ്സിംഗ് വെളിപ്പെടുത്തിയിട്ടുണ്ട്.
2000 ത്തിനടുത്ത് മുസ്ലീങ്ങളേയും മറ്റുള്ളവരേയും പച്ചക്ക് കത്തിക്കുകയും ശൂലത്തിൽ തറച്ച് കൊല്ലുകയും ഒക്കെ ചെയ്ത ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ കറുത്ത പുള്ളിയാണല്ലോ ഗുജറാത്ത് വംശഹത്യ കലാപം. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷാക്കുമൊപ്പം വംശഹത്യക്ക് കൂട്ടു നിന്നവരല്ല ട്വീസ്റ്റയും ശ്രീകുമാറുമൊന്നും. അതു മാത്രവുമല്ല വംശഹത്യക്കെതിരെ നിലപാട് സ്വീകരിക്കുകയും ചെയ്തു. കലാപത്തിനിരയായ സാധാരണ ജനങ്ങളോടൊപ്പം നിന്നു. സർക്കാരിന്റെ ഭീഷണികളെ കൂസ്സാതെ വസ്തുതകൾ പുറത്ത് കൊണ്ടുവരാൻ പരിശ്രമിച്ചു. ഇരകൾക്ക് കേസ്സുകൊടുക്കാൻ ധൈര്യം നൽകി. അവരുടെ കേസ്സുകൾ നടത്തി. ലോകമാകെ സഞ്ചരിച്ച് ഗുജറാത്ത് കലാപം അഭയാർത്ഥികളാക്കി പാലായനം ചെയ്യിച്ചവരെ സംരക്ഷിച്ചു. ടീസ്റ്റയും ഭർത്താവ് ജാവേദ് ആനന്ദും കൂടിയാണ് ഗുജറാത്ത് വംശഹത്യാ കലാപത്തിന്റെ ഉള്ളറകൾ ലോകത്തിന് മുമ്പിൽ തുറന്നു വെച്ച ‘കമ്മ്യൂണലിസം കോംപാറ്റ്’ എന്ന ജേർണൽ പ്രസിദ്ധീകരിച്ചത്. സിറ്റിസൺസ് ഫോർ ജസ്റ്റിസ് ഏന്റ് പീസ് എന്ന സന്നദ്ധ സംഘടന രൂപീകരിച്ച് നീതിക്കും സമാധാനത്തിനും വേണ്ടി പൊരുതിയത്. അവർ പലസ്ഥലത്തു വെച്ചും ഗുണ്ടാ ആക്രമണങ്ങൾക്ക് വിധേയരായി. ഒരു പാട് കള്ളക്കേസ്സുകളിൽ പ്രതിയാക്കപ്പെട്ടു. പക്ഷേ അതുകൊണ്ടൊന്നും ടീസ്റ്റയുടെ പോരാട്ടവീര്യത്തെ തണുപ്പിക്കാനോ അവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനോ ഭരണകൂടശക്തികൾക്കായില്ല. മലയാളിയായ ആർ ബി ശ്രീകുമാർ കലാപ കാലത്ത് ഗുജറാത്ത് എ ഡി ജി പി യായിരുന്നു. കലാപം തടയുന്നതിനും അക്രമികളെ പ്രതിരോധിക്കുന്നതിനും തന്നാലാവുന്നതൊക്കെ ചെയ്തു. കലാപത്തിൽ മോദിയുടെ പങ്ക് തെളിവുകൾ സഹിതം പുറത്ത് കൊണ്ട് വന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. അനുനയിപ്പിക്കാൻ പലവിധ ശ്രമവും മോദി നടത്തിയെങ്കിലും ശ്രീകുമാർ വഴങ്ങിയില്ല. അദ്ദേഹത്തിന്റെ ‘ഗുജറാത്ത് ഇരകൾക്ക് വേണ്ടി ഒരു പോരാട്ടം’ എന്ന പുസ്തകം പ്രശസ്തമാണ്. ‘വ്യാജ ഏറ്റുമുട്ടലുകൾ പൊളിയുന്ന വാദങ്ങൾ’ എന്ന തലക്കെട്ടിൽ മലയാള മനോരമയിലെഴുതിയ ലേഖന പരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏറെ ധൈര്യത്തോടെ കലാപത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷനു മുമ്പിലെത്തി. കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയുടെ, ആഭ്യന്തരമന്ത്രിയുടെ, സംഘപരിവാറിന്റെ പങ്കിനേക്കുറിച്ചൊക്കെ അനിഷേധ്യമായ തെളിവുകൾ കണ്ടെത്തി പുറത്തെത്തിച്ചു.
ഒരു കാശ്മീരി ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച സംഞ്ജീവ് ഭട്ടിന്റെ സർവ്വീസ് റിക്കാർഡ് പരിശോധിച്ചാൽ അതിപ്രഗത്ഭനും സത്യസന്ധനുമായ പോലീസ് ഉദ്യോഗസ്ഥനാണദ്ദേഹം എന്ന കാര്യം ആർക്കും നിഷേധിക്കാനാവില്ല. സംഘപരിവാരത്തിന്റേയും ഗുജറാത്ത് മുഖ്യമന്ത്രിയുടേയും വർഗ്ഗീയ അജണ്ടകൾക്കനുസരിച്ച് പ്രവർത്തിക്കാൻ കൂട്ടാക്കാഞ്ഞതോടെയാണ് അവരുടെ കണ്ണിലെ കരടായി മാറിയത്. ഗുജറാത്ത് വംശഹത്യാ കലാപത്തിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് സുപ്രീം കോടതിക്ക് മുമ്പിൽ മൊഴിയായി നൽകാൻ സന്നദ്ധമായതോടെ മോദിയുടേയും സംഘപരിവാരത്തിന്റേയും കടുത്ത ശത്രുക്കളുടെ പട്ടികയിലെ മുകൾ തട്ടുകാരനായി. 2014 ൽ മോദി പ്രധാനമന്ത്രിയായതോടെ ഭട്ടിനെതിരായ ജുഗുപ്സാവഹമായ ആഭിചാരപ്രവർത്തനങ്ങൾ ശക്തിപ്പെട്ടു. 2015 ൽ തന്നെ ജോലിയിൽ “അനധികൃതമായ അസാന്നിദ്ധ്യം” ആരോപിച്ച് സർവ്വീസിൽ നിന്ന് പിരിച്ചു വിട്ടു. ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യവും ഇടപെടലും ഇല്ലായിരുന്നെങ്കിൽ കലാപങ്ങൾക്ക് ഇരയായിത്തീരുന്നവരുടേയും മരണപ്പെടുന്നവരുടേയും സംഖ്യ പലമടങ്ങ് വർദ്ധിക്കുമായിരുന്നു എന്ന് ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ജനകീയ വസ്തുതാന്വേഷണക്കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ കലാപത്തിന് നേതൃത്വം കൊടുക്കുകയും, സഞ്ജീവ് ഭട്ട് നിയമത്തിന്ന് മുമ്പിൽ കൊണ്ടുവരികയും ചെയ്ത സംഘപരിവാർ ബജ്റംഗദൾ പ്രവർത്തരിൽ നിന്ന് വ്യാജപ്പരാതികൾ എഴുതി വാങ്ങി ഇദ്ദേഹത്തെ ഒരുപാട് കള്ളകേസ്സുകളിൽ പ്രതിയാക്കി. ഭരണകൂടത്തെ ഉപയോഗിച്ച് വ്യാജത്തെളിവുകൾ സൃഷ്ടിച്ച് അകത്താക്കാനുള്ള നിക്കങ്ങൾ മിക്കവാറും പൊളിഞ്ഞു പോയി. എന്നാൽ 1990ലെ ഒരു കസ്റ്റഡിമരണ കേസ് പുനർവിചാരണക്കെത്തിച്ച് വ്യാജ തെളിവുകൾ നിരത്തി. 2019 ജൂൺ 20 ന് ജാംനഗർ ജില്ലാ സെഷൻസ് കോടതി അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അപ്പീൽ കോടതികളിൽ വിചാരണ നടന്നുവരുന്നുണ്ടെങ്കിലും അന്നു മുതൽ അദ്ദേഹം ജയിലിലാണ്.
2002 ഫിബ്രവരി 27 ന് ഗുജറാത്ത് കലാപത്തിന് തൊട്ടുമുമ്പ് ഗോധ്രയിൽ തീവണ്ടി കത്തിച്ച് 63 പേരെ ചുട്ടു കൊന്ന സംഭവത്തിന് ശേഷം മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടിൽ വിളിച്ചു ചേർത്ത യോഗത്തിൽ “ഹിന്ദു പ്രതികരണത്തിന്റെ വഴിയിൽ വരരുതെന്നും മുസ്ളീംങ്ങൾക്കെതിരായ രോഷം പ്രകടിപ്പിക്കാൻ ഹിന്ദുക്കളെ അനുവദിക്കണമെന്നും” മോദി ഉയർന്ന പോലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ച കാര്യം വെളിപ്പെടുത്തിയത് ഹരേൻ പാണ്ഡ്യ എന്ന ബിജെപിയുടെ ഉന്നത നേതാവാണ്. നരേന്ദ്ര മോഡി മുഖ്യമന്ത്രിയാവുന്നതിന് മുമ്പ് 1995 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിന്റെ മന്ത്രി സഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. ആ മന്ത്രിസഭയിലേയും, ബി ജെ പി യിലേയും രണ്ടാമനായി അറിയപ്പെട്ട ഹരേൻ പാണ്ഡ്യക്ക്, പക്ഷേ 2001 ഒക്ടോബറിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായപ്പോൾ വാണിജ്യവകുപ്പ് പോലുള്ള അപ്രധാന വകുപ്പു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഗോധ്ര തീവണ്ടികത്തിക്കലിന്റെ തൊട്ടടുത്ത ദിവസം മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടിൽ നടന്ന യോഗത്തിൽ പങ്കെടുത്ത ഉയർന്ന പോലീസുദ്യോഗസ്ഥരുടെ പേരുവിവരങ്ങളും ഹരേൻ പാണ്ഡ്യ വെളുപ്പെടുത്തിയിരുന്നു. 2007 ൽ ഔട്ട്ലുക്ക് മാസികക്ക് നൽകിയ ഇന്റർവ്യൂവിൽ ഇക്കാര്യങ്ങളൊക്കെ വിശദമായി അദ്ദേഹം പറയുകയും ചെയ്തു. ഈ വെളിപ്പെടുത്തലുകൾ അന്വേഷണ കമ്മീഷനു മുമ്പിലുമെത്തി. പക്ഷേ കോടതിക്കു മുമ്പിലെത്തി തെളിവു നൽകുന്നതിന് മുമ്പ് ബി ജെ പി നേതാവായ ഹരേൻ പാണ്ഡ്യ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. പ്രഭാത നടത്തിനായി കാറിൽ പാർക്കിലേക്ക് പോകുന്നതിനിടയിൽ വെടിയേറ്റ് മരിച്ച നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഹരേൻ പാണ്ഡ്യയുടെ കൊലക്കുത്തരവാദിയായി ആരോപിച്ച് ഹക്സർ എന്നോ മറ്റോ പേരായ ഒരു ഹൈദരാബാദുകാരനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് പാത്രമായി പോലീസ് തലപ്പത്ത് നിന്ന് ജയിൽ വകുപ്പിലേക്ക് ഇതിനിടയിൽ സംഞ്ജീവ് ഭട്ട് മാറ്റപ്പെട്ടിരുന്നു. ജയിലിൽ വെച്ച് ഹക്സറെ സംഞ്ജീവ് ഭട്ട് കാണാനിടയായി. താനല്ല ഹരേൻ പാണ്ഡ്യയെ വെടിവെച്ചതെന്നും അത് തുളസീറാം പ്രജാപതി എന്നൊരാളാണെന്നും ഹക്സർ മൊഴി നൽകി. അതാകട്ടെ സൊഹ്റാബുദ്ധീൻ ഷെയ്ക്ക് എന്നൊരാളുടെ ക്വട്ടേഷൻ അനുസരിച്ചാണെന്നും വെളിപ്പെട്ടു. തുടരന്വേഷണവും കേസ്സും പുരോഗമിച്ചതോടെ ക്വട്ടേഷൻ നൽകിയ ഉന്നതർ പിടികൂടപ്പെടുമെന്ന അവസ്ഥയായി. ക്വട്ടേഷൻ ഏറ്റെടുത്തതായി പറയപ്പെടുന്ന സൊഹ്റാബുദ്ധീൻ ഷെയ്ക്ക്, 2005 നവം 26 ന് പോലീസുമായി ഉണ്ടായതായി പറയപ്പെടുന്ന ഒരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അത് വ്യാജ ഏറ്റുമുട്ടലായിരുന്നു എന്ന് പിന്നീട് തെളിയിക്കപ്പെട്ടു. അന്ന് തന്നെ കാണാതായ സൊഹ്റാബുദ്ധീൻ ഷെയ്ക്കിന്റെ ഭാര്യ കൗസർബിയും ഒരു കൊല്ലത്തിന് ശേഷം 2006 ഡിസം: 26 ന് കൊല്ലപ്പെട്ടതായി കാണപ്പെട്ടു. അവർ ബലാത്സംഗത്തിനിരയായതായും തെളിയിക്കപ്പെട്ടു. സൊഹ്റാബുദ്ധീൻ ഷെയ്ക്കിൽ നിന്ന് ഹരേൻ പാണ്ഡ്യയെ കൊല്ലാനുളള ക്വട്ടേഷൻ ഏറ്റെടുത്തതായി പറയപ്പെടുന്ന തുളസീറാം പ്രജാപതിയും 2006 സിസമ്പർ 28 പോലീസുമായുള്ള മറ്റൊരു വ്യാജഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അക്കാലത്ത് ഏറ്റുമുട്ടൽ കൊലകളുടെ ഒരു പരമ്പര തന്നെ ഗുജറാത്തിൽ നടന്നിരുന്നു. മിക്കവാറും പ്രതികളെ തെളിവെടുപ്പിനെന്ന വ്യാചേന ജയിലിൽ നിന്ന് പുറത്ത് കൊണ്ട് വന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു. ഗുജറാത്ത് രാജസ്ഥാൻ അതിർത്തി പ്രദേശങ്ങളിലൊക്കെയാണ് പല കൊലകളും നടന്നത്.
ഡി ജി വൻസാര (ദഹ്യാജി ഗോബർജി വൻസാര) എന്ന് പേരായ, ഒരു ഐ പി എസ് ഉദ്യോഗസ്ഥനുണ്ടായിരുന്നു ഗുജറാത്തിൽ. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് തസ്തികയിലായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവൻ, സിറ്റി ക്രൈം ബ്യൂറോ തലവൻ എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചിരുന്ന അദ്ദേഹം മുഖ്യമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുടേയും വലിയ അടുപ്പക്കാരനായിരുന്നു. നരേന്ദ്രമോദിയാണ് എന്റെ ദൈവമെന്നൊക്കെ പ്രസ്ഥാവിക്കുമായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് ഏറ്റുമുട്ടൽ കൊലകളുടെ ഒരു പരമ്പര തന്നെ നടക്കുന്നത്. 2002 സെപ്തംമ്പറിൽ തന്നെ സമീർഖാൻ എന്നൊരാൾ വെടിയേറ്റ് മരിച്ചു. 2003 ൽ സാദിക് ജമാൽ എന്നൊരാൾ കൊല്ലപ്പെട്ടു., 2004 ജൂൺ 15 ഇസ്രത്ത് ജഹാനും മറ്റ് മൂന്ന് പേരും കൊല്ലപ്പെട്ടു. 2005 നവമ്പറിൽ സൊഹ്റാബുദ്ധീൻ ഷെയ്ക്ക് കൊല്ലപ്പെട്ടു. ഷെയ്ക്കിന്റെ ഭാര്യ കൗസർബി ബലാസംഗം ചെയ്ത ശേഷം കൊല്ലപ്പെട്ടു. (ഇത് പൻസാരയുടെ ഗ്രാമത്തിൽ തന്നെയായിരുന്നു.) 2008 ഡിസമ്പറിൽ തുളസീറാം പ്രജാപതി കൊല്ലപ്പെട്ടു. ഇങ്ങനെ ഇയാളുടെ നേതൃത്വത്തിൽ നടന്ന ഏറ്റുമുട്ടൽ കൊലകളിൽ മരിച്ചു പോയ ഇരകളുടെ നിര വലുതാണ്. 2013 വരെ തുടർന്ന ഈ ഏറ്റുമുട്ടൽ കൊലകളിൽ ആറ് ഐ പി എസ് ഓഫീസർമാരുൾപ്പെടെ 32 പോലീസ് ഉദ്യോഗസ്ഥർ വിചാരണക്ക് വിധേയരായി ശിക്ഷ ഏറ്റുവാങ്ങി ജയിൽവാസമനുഭവിച്ചിട്ടുണ്ട്. ഇവരിൽ മിക്കവാറും എല്ലാവരും ഡി ജി വൻസാരയുടെ കീഴിൽ പ്രവർത്തിച്ചവരായിരുന്നു. 2007 മുതൽ 2015 ൽ ജാമ്യം ലഭിക്കുന്നതുവരെ വൻസാരയും ജയിലിലായിരുന്നു. 2013 ൽ ഐ പി എസ്സിൽ നിന്ന് രാജിവെച്ചു കൊണ്ട് അദ്ദേഹം ജയിലിൽ നിന്നെഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു. “വ്യാജ ഏറ്റുമുട്ടൽ നടത്തിയതിന് ഞങ്ങളേയും ഉത്തരവാദികളാക്കി, എന്നേയും എന്റെ ഉദ്യോഗസ്ഥരേയും സി ബി ഐ അറസ്റ്റ് ചെയ്തു. അത് ശരിയാണെങ്കിൽ, ഫീൽഡ് ഓഫീസർമാരായ ഞങ്ങൾ ഈ സർക്കാരിന്റെ നയം ലളിതമായി നടപ്പിലാക്കിയതിനാൽ, നാലു കേസ്സുകളുടേയും സി ബി ഐ അന്വേഷണ ഉദ്യാഗസ്ഥർ, നയരൂപീകരണക്കാരേയും അറസ്റ്റ് ചെയ്യണം.” അതായത് ഈ ഏറ്റുമുട്ടലുകളൊന്നും തങ്ങൾ സ്വമേധയാ ചെയ്തതല്ല. സർക്കാരിന്റെ നയം നടപ്പിലായിയതാണ്. അതിനുള്ള ശിക്ഷക്ക് അവർ കൂടി (നരേന്ദ്ര മോഡി,അമിത്ഷാ) അർഹരാണ് എന്ന് ചുരുക്കം. സൊഹ്റാബുദ്ദീൻ ഷേക്കിനെ കൊലപ്പെടുത്തിയതിന് പിറ്റേന്ന് ദക്ഷിണ ഗുജറാത്തിലെ മാംഗ്രോളിൽ തെരഞ്ഞെടുപ്പ് യോഗത്താൽ സംസാരിക്കുമ്പോൾ “നിയമവിരുദ്ധമായി വെടിക്കോപ്പുകളും ആയുധങ്ങളും കൈകാര്യം ചെയ്ത ഒരു മനുഷ്യനെ എന്തു ചെയ്യണമായിരുന്നു?”വെന്ന് മോദി ജനക്കൂട്ടത്തോട് ചോദിക്കുനുണ്ട്. “അവനെ കൊല്ലൂ” എന്ന് ജനം ആക്രോശിച്ചതുമൊക്കെ വാർത്തകളായി പുറത്ത് വന്നിരുന്നു. 2012 ൽ കാരവൻ മാസികയുടെ ലേഖകൻ വിനോദ് കെ ജോസ്, “കിരീടമില്ലാത്ത ചൂവർത്തി;നരേന്ദ്ര മോദിയുടെ ഉദയം” എന്ന അന്വേഷണ റിപ്പോർട്ടിൽ ഇതുൾപ്പെടെ ധാരാളം തെളിവുകൾ എടുത്ത് ചേർത്തിട്ടുണ്ട്.
ഹരേൻ പാണ്ഡ്യ
ഡി ജി വൻസാരേ
തുളസീറാം പ്രജാപതി
സൊഹ്റാബുദ്ധീൻ ഷെയ്ക്ക് , കൗസർബി
സൊഹ്റാബുദ്ധീൻ ഷേക്ക് വ്യാജഏറ്റുമുട്ടൽ കൊല സംബന്ധിച്ച സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യം ഇങ്ങനെയാണ്. “രാജസ്ഥാനിലെ ചില മാർബിൾ വ്യാപാരികളോട് സംരക്ഷണപ്പണം ആവശ്യപ്പെട്ട് ഷെയ്ക്ക് അവരെ ഉപദ്രവിച്ചിരുന്നു. ഇവരിൽ ചിലർ ഷെയ്ക്കിനെ ഇല്ലാതാക്കാൻ അമിത് ഷാക്ക് പണം നൽകി”. ഇതിനെ തുടർന്നാണ് ഹരേൻ പാണ്ഡ്യയുടെ കൊലയും പ്രതിയായ സൊഹ്റാബുദ്ധീൻ ഷെയ്കിന്റെ കൊലയുമൊക്കെ നടക്കുന്നത്. തുടർന്ന് അമിത്ഷായെ ഉൾപ്പെടെ പ്രതിയാക്കി 2010 ജൂലൈ 23 ന് സിബിഐ കോടതിയിൽ കേസ്സ് ഫയൽ ചെയ്യപ്പെട്ടു. അമിത് ഷാ, രാജസ്ഥാൻ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കട്ടാറിയ ഉൾപ്പെടെ 38 പേരായിരുന്നു പ്രതികൾ. രണ്ട് ദിവസം കഴിഞ്ഞ് ഷാ ഉൾപ്പെടെ പ്രതികൾ അറസ്റ്റ് ചെയ്യപ്പെട്ടു. 2012 ഒക്ടോബറിൽ ജാമ്യം ലഭിക്കും വരെ ജയിലിൽ കിടന്നു. ജസ്റ്റിസ് ജെ ടി ഉദ്പത് ആണ് ആദ്യം കേസ്സ് കേട്ടത്. എന്നാൽ തുടർച്ചയായി അമിത് ഷാ കേസ്സിന് ഹാജരാകാത്തതിനാലും കോടതി ഉത്തരവുകൾ അനുസരിക്കാത്തതിനാലും അദ്ദേഹം ഈ കേസ്സ് കേൾക്കുന്നതിൽ നിന്ന് പിൻമാറി. ഈ കേസ്സ് കേൾക്കുന്ന ജഡ്ജിമാരെ ഇടക്ക് വെച്ച് മാറ്റരുത് എന്ന് സുപ്രീം കോടതിയുടെ നിർദ്ദേശം അന്ന് നിലവിലുണ്ടായിരുന്നു. കേസ് കേൾക്കാൻ പിന്നീട് ചുമതലപ്പെട്ടത്, ബ്രിജ്ഗോപാൽ ഹർകിഷൻ ലോയ എന്ന ബി എച്ച് ലോയ ആയിരുന്നു. സ്ഥലത്തുണ്ടായിട്ടും വിചാരണക്ക് ഹാജരാകാത്ത അമിത് ഷായുടെ നടപടിയിൽ ജസ്റ്റിസ് ലോയക്കും കടുത്ത അതൃപ്തിയുണ്ടായി. 2014 ഒക്ടോബർ 31 ന് നടന്ന വിചാരണയിലും ഷാ ഹാജരായില്ല. ഡിസമ്പർ 15 ന് നടക്കുന്ന ഹിയറിംഗിലും ഹാജരായില്ലെങ്കിൽ ഷായുടെ ജാമ്യം റദ്ദ് ചെയ്യുമെന്ന് കാണിച്ച്, അന്നേക്ക് കോടതിയിൽ ഹാജരാകാൻ കല്പന നൽകി കോടതി പിരിഞ്ഞു. എന്നാൽ 2014 ഡിസമ്പർ മാസം ഒന്നിന് ജസ്റ്റിസ് ബി എച്ച് ലോയയെ മരിച്ച നിലയിൽ കാണപ്പെട്ടു.
ജസ്റ്റിസ് ഡി എച്ച് ലോയ
ജസ്റ്റിസ് ലോയയുടെ മകൻ അഞ്ജു ലോയും അഭിഭാഷകനും
ശ്രീകാന്ത് കണ്ടേൽക്കർ
തന്റെ സുഹൃത്തുക്കളിൽ ഒരാളുടെ, മകളുടെ വിവാഹത്തിൽ പങ്കെടുക്കാനുള്ള യാത്രക്കിടയിൽ നാഗപ്പൂരിലെ വി ഐ പി ഗസ്റ്റ് ഹൗസായ രവിഭവനിലെ തന്റെ മുറിയിൽ മരിച്ചു കിടക്കുന്ന നിലയിലാണ് മൃതശരീരം ഉണ്ടായിരുന്നത്. ഏതാണ്ടിതേ കാലയളവിൽ ലോയയുടെ സുഹൃത്തും അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ ശ്രീകാന്ത് കണ്ടേൽക്കർ, ലോയയുടെ സുഹൃത്തും വിരമിച്ച ന്യായാധിപനുമായ പ്രകാശ് തോംമ്പ്റെ എന്നിവരും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു. ഇവരുടെ മരണം ലോയയുടെ മണവുമായി ബന്ധപ്പെടുത്തി അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായി ഉൾപ്പെടെയുള്ളവർ ഉയർത്തിയിരുന്നു. ഈ മരണങ്ങൾ വലിയ കോളിളക്കം സൃഷ്ടിച്ചു. ഹൃദായാഘാതമായിരുന്നു ലോയയുടെ മരണത്തിനുള്ള കാരണമായി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നത്. ശ്രീകാന്ത് കണ്ടേൽക്കർ ഒരു എട്ടു നില കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു എന്നായിരുന്നു വിശദീകരണം. ലോയയുടെ മരണത്തെ തുടർന്ന് അമിത്ഷാക്കെതിരായ കേസ്സിന്റെ ചുമതലയേറ്റെടുത്ത ജസ്റ്റിസ് എം ബി ഗോസായി, ഏതാനും മാസ്സങ്ങൾക്കകം എല്ലാ കുറ്റങ്ങളിൽ നിന്നും അമിത്ഷാ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കി കേസ്സ് അവസാനിപ്പിച്ചു. 2015 നവമ്പറിൽ സൊഹ്റാബുദ്ധീൻ ഷെയ്ക്കിന്റെ സഹോദരൻ റുബാബുദ്ധീൻ ഷെയ്ക്ക് അമിത്ഷായുൾപ്പെടെയുളളവരെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ അപ്പീലുമായി വന്നെങ്കിലും അതേ മാസം തന്നെ കേസ്സിൽ താല്പര്യമില്ലെന്ന് മൊഴിനൽകി പിൻമാറി! ഓക്ടോബറിൽ തന്നെ മുംബൈ ഹൈക്കോടതിയിൽ എസ് ജെ ശർമ്മയുടെ ബഞ്ചിൽ, മറ്റൊരു കേസ്സ് ഇതേ വിഷയത്തിൽ ഫയൽ ചെയ്യപ്പെട്ടിരുന്നെങ്കാലും 210 സാക്ഷികളിൽ 92 പേർ കൂറുമാറിയതിനെത്തുടർന്ന് കുറ്റം തെളിയിക്കാനാവാതെ തള്ളി. ഞാൻ നിസ്സഹായനാണ് എന്നായിരുന്നു ജഡ്ജിയുടെ കമന്റ്. ജസ്റ്റിസ് ബി എച്ച് ലോയയെ അപായപ്പെടുത്ത്തിയതാണെന്ന് കാണിച്ചും അതിനകത്ത് തെറ്റായ കാര്യങ്ങൾ നടന്നിട്ടുണ്ടന്നും കാണിച്ച് പലവിധ വ്യവഹാരങ്ങളുണ്ടായി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച ജസ്റ്റിസ് ലോയയുടെ ഷർട്ടിന്റെ കോളറിൽ രക്തക്കറയുണ്ടായിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു. ലോയയുടെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജസ്റ്റിസ് ലോയയുടെ മകൻ അൻജു, പിന്നീടൊരിക്കൽ തങ്ങൾക്ക് ആക്ഷേപങ്ങളില്ലന്ന് പ്രസ്ഥാവിച്ചു. ആദ്യഘട്ടത്തിൽ തങ്ങൾക്ക് സംശയങ്ങളുണ്ടായിരുന്നു എന്നും പിന്നീട് അവയെല്ലാം ദൂരീകരിക്കപ്പെട്ടു എന്നുമായിരുന്നു മകന്റെ നിലപാട്. ലോയയുടെ അമ്മാവൻ ശ്രീനിവാസ് ലോയ, മകൻ അൻജുവിന് മുകളിൽ അതിശക്തമായ സമ്മർദ്ദങ്ങളുണ്ടെന്നും അതേക്കുറിച്ചും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. കുടുംബത്തെ സ്വാധീനിക്കാൻ ശ്രമിച്ചതായി ഒരാരോപണം അന്ന് മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന മംഞ്ജുളാ ചെല്ലൂരിനെതിരെ ഉയരുകയുണ്ടായി. കുടുംബത്തിന് 100 കോടി രൂപ വാഗ്ധാനം ചെയ്തതായി ആരോപണം ഉയർന്നു. പ്രത്യേക അന്വേഷണ സംഘവും (എസ് ഐ ടി) ഹൃദയാഘാതമാണ് മരണകാരണം എന്ന് വിധിയെഴുതി. ഇതിനെതിരേയും പലവിധ വ്യവഹാരങ്ങളുണ്ടായി. അവസാനം അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവരുടെ ബഞ്ച് എന്നെന്നേകുമായി കേസ്സ് അവസാനിപ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ‘കണ്ടെത്തലുകൾ, മുഖവിലക്കെടുത്തായിരുന്നു കേസ്സ് അവസാനിപ്പിച്ചത്. ഏറെ വിചിത്രമായ കാര്യം; ഈ കേസ്സ് കേട്ട് വിധി പ്രസ്ഥാപിച്ച ജഡ്ജിമാരല്ലാതെ മറ്റൊരു കോടതിയും ഇനിയിതുമായി ബന്ധപ്പെട്ട കേസ്സുകൾ കേൾക്കാൻ പാടില്ലന്ന ഉത്തരവായിരുന്നു. ജുഡീഷ്യറിയുടെ പവിത്രതയെക്കുറിച്ച് നാം പറയുമ്പോൾ ഇതേ ദീപക് മിശ്രക്കെതിരായിട്ടായിരുന്നു നാല് സഹജഡ്ജിമാർ പരസ്യമായി പത്രസമ്മേളനം നടത്തിയതെന്നത് മറന്നുകൂട. പിന്നീടും ജഡ്ജിമാർ തങ്ങൾക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തിൽ നിന്ന് കരകയറാൻ വഴിവിട്ട് പെരുമാറുന്നതും ചീഫ് ജസ്റ്റിസ് കസേരയിൽ നിന്നിറങ്ങി ഭരണകക്ഷിയുടെ രാജ്യസഭാംഗമാകുന്നതും ഒക്കെ നമുക്ക് കാണേണ്ടി വന്നിട്ടുമുണ്ട്.
ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ്സ് എം പി ഇസ്ഹാൻ ജാഫ്രിയുടെ ഭാര്യ സാക്കിയാ ജാഫ്രിയാണ് സുപ്രീം കോടതിയിലെ ഇപ്പോഴത്തെ കേസ്സിലെ ഹരജിക്കാരി. കലാപ സമയത്ത് അഹമദാബാദിലെ ചമൻപൂരിലെ ഗുൽബർഗ സൊസൈറ്റിയെ വർഗ്ഗീയക്കൂട്ടം വളഞ്ഞു. സൊസൈറ്റിയിൽ താമസിക്കുന്നവരെല്ലാം മുസ്ലീങ്ങളായിരുന്നു. ഇസ്ഹാൻ ജാഫ്രിയും കുടുംബവും താമസിച്ചത് ഇവിടെയായിരുന്നു. കേസ്സന്വേഷിച്ച പോലീസ് ഇൻസ്പെക്ടർ കെ ജി എർഡയുടെ റിപ്പോർട്ടു പ്രകാരം, “അവർ മുസ്ലീങ്ങളുടെ എല്ലാ സ്ഥാപനങ്ങളും അകമിക്കാൻ തുടങ്ങി. പോലീസ് അവരെ പിരിച്ചുവിട്ടു. ഏകദേശം ഒരു മണിയോടെ ജയ് ശ്രീരാം വിളികളുമായി അവർ തിരിച്ചെത്തി. കാക്കി ട്രൗസറും കാവി കെട്ടുമായിരുന്നു വേഷം. അവർ കയ്യിൽ വാൾ, ശൂലം, വടി , മണ്ണണ്ണ എന്നിവയുമായാണ് തിരിച്ചെത്തിയത്. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിച്ച് മതിൽ തകർത്ത് അകത്തു കയറി”. അക്രമിസംഘം ജാഫ്രിയോട് പണം ആവശ്യപ്പെട്ടു. അദ്ദേഹം അത് നൽകാൻ പുറത്തിറങ്ങിയ സമയത്ത് പിടികൂടി കൈകാലുകളും ഉടലും വെട്ടിമാറ്റി തീയിടുകയായിരുന്നു എന്നാണ് കേസ്സ്. കാലത്ത് ഗുൽബർഗാ സൊസൈറ്റിയിൽ അക്രമി സംഘം തടിച്ചു കൂടിയത് മുതൽ ജാഫ്രി കോൺഗ്രസ്സിന്റെ ഉയർന്ന നേതാക്കളേയും മുഖ്യമന്ത്രി നരേന്ദ്രമോദിയേയും പാർലമെന്റിലെ പ്രതിപക്ഷനേതാവിനേയും ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും വിളിച്ച് സഹായമഭ്യർത്ഥിച്ചെങ്കിലും സർക്കാർ സംവിധാനങ്ങൾ അനങ്ങിയില്ലാ എന്നും സാക്കിയാ ജാഫ്രി വെളിപ്പെടുത്തിയിട്ടുണ്ട്. ജാഫ്രി കൊല്ലപ്പെട്ടതിന്റെ വിശദാംശങ്ങൾ ആർ എസ്സ് എസ്സ്, വി എച്ച് പി പ്രവർത്തകർ ഒളിക്യാമറക്ക് മുന്നിൽ വിവരിക്കുന്നത്, 2007 ൽ സ്റ്റിംഗ്ഓപ്പറേഷനിലൂടെ പകർത്തി ആജ്തക് ചാനൽ വെളിച്ചെത്ത് കൊണ്ടുവന്നു. തെഹൽക്കയുടെ മാധ്യമ പ്രവർത്തനായ ആശിഷ്കേതൻ, വേഷം മാറി ആർ എസ്സ് എസ്സ് പ്രവർത്തകരുമായി നടത്തിയ അഭിമുഖ സംഭാഷണമാണ് പുറത്തുവന്നത്. പോലീസ് ഇൻസ്പെക്ടർ കെ ജി എർഡ അക്രമികളോട് പറഞ്ഞത് “പോലീസ് ഇടപ്പെടുന്നതിന് മുമ്പ് നിങ്ങൾക്ക് മൂന്നോ നാലോ മണിക്കൂർ ബാക്കിയുണ്ട്” എന്നായിരുന്നു. പോലീസ് അകമികൾക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തു എന്നും ആ അഭിമുഖത്തിലുണ്ട്. ഒരു പാർലമെന്റ് അംഗം ഫോണിൽ വിളിച്ച് അപേക്ഷിച്ചിട്ട് പോലും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരിൽ നിന്ന് കനിവിന്റെ ലാഞ്ചന പോലും ഉണ്ടായില്ലാ എന്നതും തെളിയിക്കപ്പെട്ട കാര്യമാണ്. ഇത് പോലെ ധാരാളമായി ലഭ്യമായ തെളിവുകൾ ഒന്നും കോടതികൾ പരിഗണിക്കാതിരിക്കുന്നത് എന്ത് കൊണ്ടായിരിക്കും? അപ്പോഴാണ് ഈ കേസ്സിൽ വ്യാജ തെളിവുണ്ടാക്കാൻ ട്വിസ്റ്റ ശ്രമിച്ചതായി ഗുജറാത്ത് പോലീസ് പറയുന്ന കാര്യങ്ങൾ സുപ്രീം കോടതി അംഗീകരിച്ചു കൊടുക്കുന്നത്. എന്നിട്ട് അവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുകയും ചെയ്യുന്നു. പിറ്റേന്ന് തന്നെ കേന്ദ്ര ആഭ്യന്തര വകുപ്പുമന്ത്രി അമിത് ഷാ കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിക്കുന്നു. നരേന്ദ്ര മോദിയുടെ മാനവികതയെ വാഴ്ത്തുന്നു. മണിക്കൂറുകൾക്കകം ട്വീസ്റ്റയേയും ആർ ബി ശ്രീകുമാറിനേയും അറസ്റ്റ് ചെയ്യുന്നു. ജഗത് മിഥ്യ എന്ന വേദാന്തസൂക്തത്തിൽ അഭയം കണ്ടെത്തുകയല്ലാതെ നമ്മെളെന്തു ചെയ്യും?
ഒരു പ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാൾ ആയിരം മടങ്ങ് അപകടകരവും ഭയാനകവുമാണ് അപ്രഖ്യാപിതവും എന്നാൽ അനുഭവത്തിൽ വന്നു കഴിഞ്ഞതുമായ അടിയന്തരാവസ്ഥ എന്ന് ഈ സംഭവങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു.
1975 ലെ അടിയന്തരാവസ്ഥ ഒരു സ്വേഛാധിപതിയുടെ അമിതാതികാര പ്രകടനമായിരുന്നെങ്കിൽ, ഇപ്പോഴത്തെ അടിയന്തരാവസ്ഥ, രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ
പ്രയോഗ രൂപമായ ഹിന്ദുരാഷ്ട്ര നിർമ്മിതിയാണെന്നത് മറക്കരുത്.