സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കേസില്‍ സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു

സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ചാന്‍സലറുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു.   സിംഗിള്‍ ബെഞ്ച് ഉത്തരവിലെ രണ്ടു ഖണ്ഡികളാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്.

വിസി നിയമനത്തില്‍ ചാന്‍സലര്‍ക്ക് പ്രതിനിധിയെ തീരുമാനിക്കാനാകില്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. താല്‍ക്കാലിക വിസിയായി സിസ തോമസിന് തുടരാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. നേരത്തെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് സിസ തോമസിന്റെ നിയമനം ശരിവെച്ച് പുതിയ വിസിക്കായി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ ഉത്തരവിട്ടിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്തുള്ള സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

സിസ തോമസിന്റെ നിയമനത്തിനൊപ്പം യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായ ഉത്തരവാണ് സിംഗിള്‍ ബെഞ്ചില്‍നിന്ന് ഉണ്ടായതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാന്‍ ചാന്‍സലറെ ചുമതലപ്പെടുത്തിയ ഉത്തരവെന്നും നിയമപ്രകാരം സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാന്‍ ചാന്‍സലര്‍ക്ക് പ്രതിനിധിയെ നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി കേസില്‍ ചാന്‍സലര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ഇതോടെ സിസ തോമസിന്റെ നിയമനം കൂടി ഹൈക്കോടതി വീണ്ടും പരിശോധിക്കും.
Comments

COMMENTS

error: Content is protected !!