സാബു തോമസിന്റെ പുനര്‍നിയമന ശുപാര്‍ശ ഗവര്‍ണര്‍ തള്ളി
അടുത്ത ദിവസം കാലാവധി അവസാനിക്കുന്ന മഹാത്മാഗാന്ധി സര്‍വകലാശാല വിസി പ്രഫ. സാബു തോമസിന് നാല് വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ തള്ളി. പകരം പുതിയ വിസി വരുന്നതുവരെ താത്കാലികമായി തുടരാന്‍ അനുവദിക്കാമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു.
മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പ്രോ ചാന്‍സലര്‍ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവാണ് സാബു തോമസിന് പുനര്‍നിയമനം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. വിസിയുടെ പുനര്‍നിയമനമാകാമെന്ന് എംജി യൂണിവേഴ്‌സിറ്റി നിയമത്തിലുണ്ടെന്നും നിയമന സമയത്ത് 65 വയസ് കവിയരുതെന്നേയുള്ളൂവെന്നും ശുപാര്‍ശയില്‍ മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ശുപാര്‍ശ ഗവര്‍ണര്‍ തിരിച്ചയക്കുകയാണുണ്ടായത്.
ഇക്കാര്യം നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. സര്‍വകലാശാല ദേശീയ അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) പരിശോധന അടുത്തമാസം നടക്കുന്നതിനാല്‍ വിസി ഇല്ലാതിരിക്കുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സാബു തോമസിനെ തുടരാന്‍ അനുവദിക്കുന്നതെന്നാണ് ഗവര്‍ണറുടെ നിലപാട്.