Uncategorized

സാമ്പത്തിക പ്രതിസന്ധിക്ക് സഹായം തേടി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഡൽഹിയിൽ

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് സഹായം തേടി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഡല്‍ഹിയിലെത്തി. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ട് 6835 കോടി രൂപയുടെ അടിയന്തര സഹായം നല്‍കണമെന്നും 4060 കോടി രൂപ കൂടി വായ്പയെടുക്കാന്‍ അനുമതി നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിച്ച ധനമന്ത്രി വായ്പാ പരിധി നിര്‍ണയിക്കുന്ന മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്നും അഭ്യര്‍ത്ഥിച്ചു.

കിഫ്ബി, സാമൂഹ്യസുരക്ഷാ വിതരണ കമ്പനി എന്നിവയെടുക്കുന്ന വായ്പകള്‍ നേരിട്ട് സര്‍ക്കാര്‍ എടുക്കുന്ന വായ്പകളല്ലാത്തതിനാല്‍ സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ പെടുത്തരുതെന്നും മറ്റ് കടബാദ്ധ്യത 7813.06 കോടിയായി കുറഞ്ഞത് കണക്കിലെടുത്ത് വായ്പാ അനുമതി പരിധി കൂട്ടണമെന്നും നടപ്പ് സാമ്പത്തിക വര്‍ഷം കൂടുതല്‍ വായ്പയെടുക്കാന്‍ അനുവദിക്കണം. കൂടാതെ ഊര്‍ജ്ജ മേഖലയിലെ മികച്ച പ്രകടനം കണക്കിലെടുത്ത് നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് തന്നെ 4060 കോടി രൂപ കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കണമെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവശ്യപ്പെട്ടു.

കൂടാതെ സര്‍വ്വകലാശാലകളില്‍ ശമ്പള വര്‍ധന നടപ്പാക്കിയപ്പോള്‍ കുടിശിക നല്‍കിയ വകയില്‍ സംസ്ഥാനം ചെലവിട്ട 750.93 കോടിയും നഗര വികസനത്തിനുള്ള സഹായമായ 613 കോടിയും കേന്ദ്രത്തിന്റെ യുണൈറ്റഡ് ഗ്രാന്‍ഡായ 139.20 കോടിയും ആരോഗ്യ സഹായമായ 559 കോടിയും ജി.എസ്.ടി നഷ്ടപരിഹാരമായി കിട്ടാനുള്ള 1548 കോടിയും മൂലധന വികസന സഹായമായ 3224.61 കോടിയും ചേര്‍ത്ത് 6835 കോടിരൂപ ഉടനടി അനുവദിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button