നാർക്കോട്ടിക് ജിഹാദ്. ഭിന്നിപ്പിനുള്ള ശ്രമങ്ങൾക്കിടയിൽ സർക്കാർ നോക്കുകുത്തി – വി ഡി സതീശൻ

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ ഉപയോഗിച്ച് രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിന് മുന്നില്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നിൽക്കയാണെന്ന് വി.ഡി. സതീശന്‍. സോഷ്യല്‍ മീഡിയയിലെ ഫേക്ക് ഐഡികള്‍ ഉപയോഗിച്ച് വിദ്വേഷം വളര്‍ത്താനുള്ള ശ്രമം സജീവമായി നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തിയായി മാറി നിൽക്കുന്നത് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കത്തോലിക്ക സഭയ്ക്ക് പരാതിയുണ്ടെങ്കില്‍ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയാണ് വേണ്ടത്. സംഘപരിവാറിന്റെ അജണ്ടയ്ക്ക് മുന്നില്‍ വീഴരുതെന്നാണ് രണ്ട് സമുദായങ്ങളോടും അഭ്യര്‍ത്ഥിക്കാനുള്ളത്. ഗൗരവമായ ആരോപണങ്ങള്‍ സഭ മുന്നോട്ട് വെക്കുന്നുവെങ്കില്‍ പോലീസ് അത് അന്വേഷിക്കട്ടെ. തെളിവുകള്‍ ഉണ്ടെങ്കില്‍ അതിൻ മേൽ സര്‍ക്കാരിനെ കൊണ്ട് നടപടി സ്വീകരിപ്പിക്കണം. പറയുന്നതിൽ വസ്തുതയല്ലെങ്കില്‍ അത് പൊതുസമൂഹത്തെ അറിയിക്കാനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ടെന്നും സതീശന്‍ പറഞ്ഞു.

മതേതരത്വത്തിന്റെ പതാകവാഹകരായി കേരളം മാറണമെന്ന് ആഗ്രഹിക്കുന്നവര്‍ എല്ലാവരും രംഗത്തുവരണമെന്നാണ് പറയാനുള്ളത്. കേരളത്തിലെ സാഹിത്യകാരന്‍മാര്‍, എഴുത്തുകാര്‍ എന്നിവര്‍ പുരോഗമന ചിന്താഗതിയോടെ മുന്നോട്ട് വരുമെന്നും സംഘര്‍ഷം ലഘൂകരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രത്യാശിക്കുന്നതായും സതീശന്‍ പറഞ്ഞു.

മനഃപൂര്‍വം പ്രശ്‌നം വഷളാക്കി ലാഭംകൊയ്യാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നില്ല. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസിന്റെ എല്ലാവിധ പിന്തുണയും ഇക്കാര്യത്തില്‍ സര്‍ക്കാരിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇരു വിഭാഗങ്ങളേയും വിളിച്ച് ചര്‍ച്ച നടത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

Comments

COMMENTS

error: Content is protected !!