സിപിഐ ജില്ലാ എക്സിക്യൂട്ടീവ് രൂപീകരിച്ചു ; അഡ്വ. പി ഗവാസ്, പി കെ നാസർ അസിസ്റ്റന്റ് സെക്രട്ടറിമാർ
കോഴിക്കോട്: സി പി ഐ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് രൂപീകരിച്ചു. പതിമൂന്നംഗ എക്സിക്യൂട്ടീവിൽ അഞ്ച് പേർ പുതുമുഖങ്ങളാണ്. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായി അഡ്വ. പി ഗവാസ്, പി കെ നാസർ എന്നിവരെ തെരഞ്ഞെടുത്തു. പി സുരേഷ് ബാബു ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് അംഗങ്ങൾ: കെ കെ ബാലൻ (ജില്ലാ സെക്രട്ടറി), അഡ്വ. പി ഗവാസ് (ജില്ലാ അസി. സെക്രട്ടറി), പി കെ നാസർ (ജില്ലാ അസി. സെക്രട്ടറി), പി സുരേഷ് ബാബു (ട്രഷറർ), ആർ ശശി, പി കെ കണ്ണൻ, രജീന്ദ്രൻ കപ്പള്ളി, ഇ സി സതീശൻ, റീന മുണ്ടേങ്ങാട്ട്, അജയ് ആവള, ചൂലൂർ നാരായണൻ, ആർ സത്യൻ, പിലാക്കാട്ട് ഷൺമുഖൻ.
ഇ കെ വിജയൻ എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗമാണ് പുതിയ എക്സിക്യൂട്ടീവ് രൂപീകരിച്ചത്.
അസിസ്റ്റന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. പി ഗവാസ് എ ഐ വൈ എഫ്, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. എ ഐ എസ് എഫ് സംസ്ഥാന ജോ. സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം, എ ഐ വൈ എഫ് സംസ്ഥാന ജോ. സെക്രട്ടറി, സി പി ഐ കാവിലുംപാറ ലോക്കൽ സെക്രട്ടറി, നാദാപുരം മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും കോഴിക്കോട് ജില്ലാപഞ്ചായത്തംഗവുമാണ്. പി കെ നാസർ എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ്, സി പി ഐ കണ്ണഞ്ചേരി ബ്രാഞ്ച് സെക്രട്ടറി, കല്ലായ് ലോക്കൽ സെക്രട്ടറി, സിറ്റി സൗത്ത് മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എ ഐ ടി യു സി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയും സിപി ഐ ജില്ലാ എക്സി. അംഗവും കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമാണ്. 2005-10 കാലയളവിലും കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായിരുന്നു.
ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട പി സുരേഷ് ബാബു എ ഐ ടി യു സി ജില്ലാ സെക്രട്ടറിയും സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമാണ്. എൻ ആർ ഇ ജി വർക്കേഴ്സ് ഫെഡറേഷൻ (എ ഐടിയുസി) സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളും ജില്ലാ സെക്രട്ടറിയുമാണ്. ആൾ കേരള അഗ്രി ഡാറ്റാ എൻട്രി ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി) സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു. സി പി ഐ നാദാപുരം മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യൻ മൊകേരി, ടി വി ബാലൻ, പി വസന്തം, ജില്ലാ സെക്രട്ടറി കെ കെ ബാലൻ, സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.