സിബിഎസ്ഇ പത്താം തരം പരീക്ഷ റദ്ദാക്കി; 12-ാം ക്ലാസ് പരീക്ഷ മാറ്റിവെച്ചു

മെയ് മാസത്തില്‍ നടത്താനിരുന്ന സിബിഎസ്ഇ പത്താംതരം പരീക്ഷ റദ്ദാക്കി. പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്ലസ്ടു പരീക്ഷ നടത്തുന്നത് സംബന്ധിച്ച് ജൂണ്‍ ഒന്നിന് ശേഷം തീരുമാനമെടുക്കും. ഇന്റേണല്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പത്താതരം വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനം ഉണ്ടാവുക.വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഇന്റേണല്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പത്താംതരം വിദ്യാര്‍ഥികള്‍ക്ക് പതിനൊന്നാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുക. എന്നാല്‍ ഈ വിലയിരുത്തലില്‍ വിദ്യാര്‍ഥി സംതൃപ്തനല്ലെങ്കില്‍ കോവിഡ് സാഹചര്യം മാറുന്ന മുറയ്ക്ക് വിദ്യാര്‍ഥിക്ക് പരീക്ഷയെഴുതാമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ പൊതുപരീക്ഷകള്‍ റദ്ദാക്കുകയോ, ഓണ്‍ലൈന്‍ ആയി നടത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പടെയുളളവര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേര്‍ന്നത്.

പത്താംതരം, പ്ലസ്ടു പരീക്ഷകള്‍ മെയ് നാലിന് തുടങ്ങാനാണ് സിബിഎസ്ഇ തീരുമാനിച്ചിരുന്നത്. ഓഫ്‌ലൈന്‍ എഴുത്തുപരീക്ഷയായിരിക്കും നടത്തുകയെന്നും കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന പരീക്ഷയായതിനാല്‍ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനായി വന്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുളളതായും സിബിഎസ്ഇ അറിയിച്ചിരുന്നു.

പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം 30-40 ശതമാനം വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവിലെ പ്രത്യേക സാഹചര്യത്തില്‍  പരീക്ഷ എഴുതാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് ജൂണ്‍ 11 ന് മുമ്പായി പരീക്ഷ എഴുതാന്‍ ഒരവസരം കൂടി നല്‍കും. സൗകര്യത്തിന് അനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റാം തുടങ്ങിയ നിര്‍ദേശങ്ങളും സിബിഎസ്ഇ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകളായി മാറിയേക്കാമെന്ന് ആശങ്ക ഉയര്‍ന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി വദ്ര എന്നിവര്‍ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഡല്‍ഹിയില്‍ ആറുലക്ഷം കുട്ടികളാണ് പൊതുപരീക്ഷ എഴുതുന്നതെന്നും ഒരുലക്ഷത്തോളം അധ്യാപകര്‍ ജോലിയില്‍ ഉണ്ടാകുമെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ പരീക്ഷാനടത്തിപ്പ് വലിയ കോവിഡ് വ്യാപനത്തിന് കാരണമായേക്കാമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. അതിനാല്‍ ഓഫ്‌ലൈന്‍ എഴുത്തുപരീക്ഷയ്ക്ക് പകരം ബദല്‍മാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കണമെന്നും ഓണ്‍ലൈന്‍ പരീക്ഷയുടെയോ, ഇന്റേണല്‍ വിലയിരുത്തലിന്റെയോ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്നും ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എഴുത്ത് പരീക്ഷ നടത്തുന്നതിന് പകരം ഇന്റേണല്‍ വിലയിരുത്തല്‍ നടത്തണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടെ സംഘടനയും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്കും  അധ്യാപകര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് നല്‍കിയിട്ടില്ല. അതിനാല്‍ വലിയ രീതിയില്‍ വൈറസ് വ്യാപനത്തിന് സാധ്യതയുണ്ടെന്നും രക്ഷിതാക്കളുടെ കത്തില്‍ പരാമര്‍ശിച്ചിരുന്നു. പരീക്ഷ റദ്ദാക്കുകയോ, ഓണ്‍ലൈനായി നടത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഒരുലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഒപ്പിട്ട നിവേദനവും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.

Comments

COMMENTS

error: Content is protected !!