സിറ്റി ഗ്യാസ് കോഴിക്കോടിന്റെ സിഎൻജി ക്ഷാമത്തിന് പരിഹാരമാകുന്നു;മേയ് അവസാനത്തോടെ ആദ്യ ഘട്ടം പൂർത്തീകരിക്കും
ബാലുശ്ശേരി ∙ സിറ്റി ഗ്യാസ് പദ്ധതിയുടെ ആദ്യ ഘട്ടം മേയ് മാസം അവസാനത്തോടെ പൂർത്തീകരിക്കും. ഇതിന്റെ ഭാഗമായുള്ള 25 കിലോമീറ്റർ പൈപ്പിടൽ പൂർത്തിയായി. കുന്നമംഗലം വരെയാണ് പൈപ്‌ലൈൻ സ്ഥാപിക്കൽ പൂർത്തിയായത്. എകരൂലിൽ സിറ്റി ഗ്യാസ് സ്റ്റേഷനും ഫില്ലിങ് സ്റ്റേഷനും സജ്ജമാക്കും. നിലവിൽ ജില്ലയിൽ നേരിടുന്ന ഇന്ധനക്ഷാമത്തിന് ഇതോടെ പരിഹാരമാകും. ഇപ്പോൾ കൊച്ചിയിൽ നിന്ന് ട്രക്കുകളിലാണ് സിഎൻജി കോഴിക്കോട് ജില്ലയിൽ എത്തിക്കുന്നത്. എകരൂലിലെ സ്റ്റേഷൻ പ്രവർത്തനം തുടങ്ങുന്നതോടെ സിഎൻജി വിതരണം വേഗത്തിലാകും. ഒട്ടേറെ വാഹനങ്ങൾ പുതുതായി സിഎൻജിയിലേക്കു മാറുന്നുണ്ട്. നിലവിൽ 8 സ്റ്റേഷനുകൾ വഴിയാണ് വാഹനങ്ങൾക്ക് ആവശ്യമായ സിഎൻജി വിതരണം ചെയ്യുന്നത്.
അടുത്ത് തന്നെ 2 സ്റ്റേഷനുകൾ കൂടി ആരംഭിക്കും. 10 സ്റ്റേഷനുകളുടെ പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. സിറ്റി ഗ്യാസ് വിതരണത്തിന്റെ രണ്ടാം ഘട്ടത്തിനായി 48 കിലോമീറ്റർ പൈപ്‌ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ കോവൂർ–വെള്ളിമാടുകുന്ന്, പാവങ്ങാട്–നടക്കാവ് റോഡുകളിൽ പുരോഗമിക്കുകയാണ്. വീടുകളിലേക്ക് പൈപ്‌ലൈൻ വഴി ഗ്യാസ് എത്തിക്കുന്നതിനുള്ള പ്രവൃത്തി ഉണ്ണികുളം പഞ്ചായത്തിൽ പുരോഗമിക്കുന്നു. അടുത്ത മാസം അവസാനത്തോടെ 300 വീടുകളിൽ നേരിട്ട് പാചകവാതകം എത്തിക്കാൻ കഴിയും.