CRIME
സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയുടെ ശവസംസ്‌കാരത്തിനിടെ നെഞ്ചുപൊള്ളിക്കുന്ന കാഴ്ചകള്‍
വള്ളികുന്നം: മൂന്നരവയസ്സുകാരി ഋതിക മുറ്റത്ത് ആള്‍ക്കൂട്ടം കണ്ടതിന്റെ അമ്പരപ്പിലായിരുന്നു. ഈറനോടെ അടുത്തുനിന്ന ഋഷികേശും ആദിദേവും ഉറക്കെ കരഞ്ഞു. മുറ്റത്ത് പെട്ടിയില്‍ അവരുടെ അടുത്ത്, വളരെയടുത്ത് അമ്മയുണ്ടായിരുന്നു. പക്ഷേ, ആ മുഖം അവസാനമായി കാണാന്‍ അവര്‍ക്കായില്ല. അടച്ച പെട്ടിക്കുള്ളില്‍ അമ്മയുടെ മുഖം ഉള്‍പ്പെടെ കത്തിക്കരിഞ്ഞ ശരീരമായിരുന്നു. അതിനാല്‍ പെട്ടി തുറക്കേണ്ടെന്നായിരുന്നു തീരുമാനം.
വള്ളികുന്നത്ത് കൊലപ്പെട്ട വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയുടെ ശവസംസ്‌കാരച്ചടങ്ങ് നെഞ്ചുലയ്ക്കുന്ന കാഴ്ചയായിരുന്നു. രാവിലെ പത്തരയോടെ, സ്റ്റുഡന്റ് പോലീസ് സംഘത്തിന്റെയും നിരവധി പോലീസ് വാഹനങ്ങളുടെയും അകമ്പടിയോടെ മൃതദേഹം വള്ളികുന്നം തെക്കുമുറിയിലെ ഊപ്പന്‍വിളയില്‍ പാലാഴിയില്‍ വീട്ടിലേക്ക് കൊണ്ടുവന്നു. ആദ്യം വീട്ടിനുള്ളിലേക്കാണ് മൃതദേഹം എടുത്തുവച്ചത്. ഒരുനിമിഷത്തിനുശേഷം മുറ്റത്തെ പന്തലിലേക്കും. അവിടെ അന്ത്യകര്‍മങ്ങള്‍ക്കായി ഒരുക്കിയിടത്ത് സൗമ്യയുടെ ചിത്രം വച്ചിരുന്നു. മുല്ലപ്പൂവ് ചൂടി ചന്ദനക്കുറിയിട്ട് ചിരിക്കുന്ന സൗമ്യ. മുല്ലപ്പൂവ് സൗമ്യയ്ക്ക് വലിയ ഇഷ്ടമായിരുന്നു. അന്തിമോപചാരം അര്‍പ്പിക്കാനെത്തിയ കൂട്ടുകാരില്‍ പലരും മുല്ലപ്പൂവ് നിറച്ച ബൊക്കയും കരുതിയിരുന്നു. മൃതദേഹപേടകവും പൂക്കള്‍കൊണ്ട് അലങ്കരിച്ചിരുന്നു.
മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതിനിടെ ബന്ധുക്കളാരോ സൗമ്യയുടെ കല്യാണസാരി പുറത്തേക്ക് കൊണ്ടുവന്നു. ഇളംചുവപ്പ് നിറത്തിലെ പട്ടുസാരി. ഒപ്പം വിവാഹശേഷം ധരിച്ച സെറ്റുസാരിയും. രണ്ടും ശവപേടകത്തിലെ മുല്ലപ്പൂവുകള്‍ക്ക് മീതെ വിരിച്ചു. അതുവരെ ചാറിനിന്ന മഴ അപ്പോഴേക്കും ആര്‍ത്തുപെയ്തുതുടങ്ങി.
സൗമ്യയുടെ ഇളയമകള്‍ ഋതിക അമ്മയുടെ ചിത്രം നോക്കി എന്തൊക്കയോ പറഞ്ഞുകൊണ്ടിരുന്നു. അവള്‍ അമ്മയെ കണ്ടിട്ട് ദിവസങ്ങളായി. അതിന്റെ പരിഭവം പറഞ്ഞതാണോ? നെഞ്ചുപൊള്ളിപ്പോയ നിമിഷമായിരുന്നു. മുറ്റത്ത് ശവസംസ്‌കാരത്തിനുള്ള ഒരുക്കം നടക്കുമ്പോള്‍ ഭര്‍ത്താവ് സജീവ് അകത്തെ മുറിയില്‍ മക്കള്‍ക്കൊപ്പമായിരുന്നു. അടുത്ത ബന്ധുക്കളോടുപോലും കാര്യമായി സംസാരിച്ചില്ല. ലിബിയയില്‍നിന്ന് മൂന്നുദിവസം നീണ്ട യാത്രയ്‌ക്കൊടുവിലാണ് നാട്ടിലെത്തിയത്. ഇനിയെന്തെന്ന ചോദ്യമാണ് സജീവിന്റെ മുഖത്ത് നിഴലിച്ചത്.
Comments