സിസ‌്റ്റർ ലിനിക്കും ശോഭനയ‌്ക്കും ഫ‌്ളോറൻസ‌് നൈറ്റിങ‌്ഗേൽ അവാർഡ‌്

കോഴിക്കോട‌് > ‘നിപാ’ ‌എന്ന മാരക വിപത്തിനെ തൂത്തെറിയാൻ ചുക്കാൻ പിടിച്ച ജില്ലയിലെ ആരോഗ്യ രംഗം വീണ്ടും അംഗീകാര നിറവിൽ. നേഴ‌്സിങ്‌ മേഖലയിലെ സമഗ്ര സംഭാവനയ്‌ക്ക‌് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ഫ‌്ളോറൻസ‌് നൈറ്റിങ‌്ഗേൽ അവാർഡാണ‌് രോഗിയെ ശുശ്രൂഷിക്കുന്നതിനിടെ നിപാ വൈറസ‌് ബാധയേറ്റ‌് മരിച്ച സിസ‌്റ്റർ ലിനി പുതുശേരിക്കും മെഡിക്കൽ കോളേജിലെ ഹെഡ‌്നേഴ‌്സായ എൻ ശോഭനയ‌്ക്കും ലഭിച്ചത‌്. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മികച്ച ഡോക്ടർക്കുള്ള പുരസ‌്കാരം ഗവ‌. മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. ആർ ചാന്ദിനിക്ക‌് ലഭിച്ചിരുന്നു.

 

ലിനിയെന്ന മാലാഖ

 

ആരോഗ്യ രംഗത്തെ ജ്വലിക്കുന്ന ഓർമയായ സിസ‌്റ്റർ ലിനി പുതുശേരിക്ക‌് മരണാനന്തര ബഹുമതിയായാണ‌് ദേശീയ പുരസ‌്കാരം നൽകുന്നത‌്. പേരാമ്പ്ര താലൂക്ക‌് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായിരുന്ന ലിനി രോഗിയെ ശുശ്രൂഷിക്കുന്നതിനിടെ നിപാ വൈറസ‌് ബാധയേറ്റ‌് മരണത്തിന‌് കീഴടങ്ങുകയായിരുന്നു. 2018 മെയ് 21നായിരുന്നു ഇത‌്. ത്യാഗ സമാനമായ ജീവിതത്തിലൂടെ ആരോഗ്യ രംഗത്തിനാകെ മഹത്തായ സന്ദേശം പകർന്നതിനുള്ള അംഗീകാരമാകുകയാണ‌് ഈ അവാർഡ‌്.

 

ഈ അവാർഡ‌് നിപായെ തൂത്തെറിയാൻ രംഗത്തിറങ്ങിയതിന‌്

 

ഗവ. മെഡിക്കൽ കോളേജിലെ ഇൻഫെക‌്ഷൻ കൺട്രോൾ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന നേഴ‌്സ‌് ശോഭനയ‌്ക്ക‌് ദേശീയ പുരസ‌്കാരം നിപായെ തൂത്തെറിയാൻ മുന്നിട്ടിറങ്ങിയതിന‌് കൂടിയാണ‌്. സർവീസിൽനിന്ന‌് വിരമിക്കാൻ മൂന്ന‌്മാസം ശേഷിക്കേയാണ‌് അംഗീകാരം തേടിയെത്തിയത‌്. നിപാ പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ സേവനമാണ്  ഇവരുടേത‌്. ആർക്കും നിപാ വൈറസിനെക്കുറിച്ച‌് അറിവില്ലാതിരുന്ന കാലത്ത‌് ശോഭന അടക്കമുള്ള ആരോഗ്യ പ്രവർത്തകർ നിപായ‌്ക്കെതിരെ പോരാടി. ഈ വർഷം എറണാകുളത്തുള്ള നിപാ പ്രതിരോധ പ്രവർത്തനങ്ങളിലും പങ്കാളിയായി. ബോധവൽക്കരണവും ക്ലാസുകളും സംഘടിപ്പിച്ചു.
നേഴ‌്സുമാരുടെ തുടർവിദ്യാഭ്യാസ പരിപാടിയായ കണ്ടിന്യൂയസ‌് നേഴ‌്സിങ‌് എഡ്യുക്കേഷൻ കോ ഓർഡിനേറ്റർ കൂടിയായ ശോഭനയ‌്ക്ക‌് 2017ൽ സംസ്ഥാന സർക്കാരിന്റെ മികച്ച നേഴ‌്സിനുള്ള പുരസ‌്കാരവും ലഭിച്ചിട്ടുണ്ട‌്. ഷൊർണൂരിനടുത്ത‌് വാടാനാംകുറിശി സ്വദേശിയാണ‌്. മെഡിക്കൽ കോളേജിനടുത്ത‌് ഉമ്മളത്തൂർതാഴത്ത‌ാണ‌് താമസം. ഭർത്താവ‌് : കെ രാധാകൃഷ‌്ണൻ (ചന്ദ്രകാന്ത‌് നേത്രാലയം ജനറൽ മാനേജർ).
Comments

COMMENTS

error: Content is protected !!