സിൽവർ ലൈൻ; കോഴിക്കോട്ടും ജനകീയ സംവാദം

കോഴിക്കോട്: കെ റെയിൽ കോർപ്പറേഷൻ നടപ്പിലാക്കാനുദ്ദേശിക്കുന്ന സിൽവർലൈൻ പദ്ധതി, കേരളത്തിന് വികസനമാണോ വിനാശമാണോ കൊണ്ടുവരിക എന്ന വിഷയത്തിൽ, നാളെ (മെയ് അഞ്ചിന്) കോഴിക്കോട്ട് ജനകീയ സംവാദം സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 2.30 മുതൽ കോഴിക്കോട്ടെ നളന്ദ ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് സംവാദം നടക്കുക. പദ്ധതിയെ പൊതുവായി എതിർക്കുന്ന അലോക് കുമാർ വർമ്മ,( റിട്ടയേർഡ് ചീഫ് എഞ്ചിനീയർ, സതേൺ സെക്ഷൻ, ഇന്ത്യൻ റെയിൽവേ) ജോസഫ് സി മാത്യു, ( വി എസ് അച്ചുതാനന്ദന്റെ ഐ ടി ഉപദേശകൻ, ഇടതു ചിന്തകൻ) ഡോക്ടർ കെ ജി താര, (സംസ്ഥാന ദുരന്തനിവാരണ സമതി മുൻ അദ്ധ്യക്ഷ)ശ്രീധർ രാധാകൃഷ്ണൻ (എഞ്ചിനീയറിംഗ് പരിസ്ഥിതി വിദഗ്ധൻ) എന്നിവർ പ്രധാന അവതാരകരായി പങ്കെടുക്കും. കോഴിക്കോട് മേനേജ്മെന്റ് അസോസിയേഷൻ പ്രസിഡണ്ടും എഞ്ചിനീയറുമായ കെ ആനന്ദ മണി പദ്ധതിയെ അനുകൂലിക്കുന്നവരുടെ പ്രതിനിധിയായി പ്രധാന അവതാരകരുടെ കൂട്ടത്തിലുണ്ടാവും. അനുകൂലിച്ച് സംസാരിക്കുന്നവരെ കൂടുതലായി പങ്കെടുപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. പദ്ധതി നടത്തിപ്പിന്റെ രാഷ്ട്രീയ ഉത്തരവാദിത്വമുള്ള പാർട്ടി നേതാക്കൾ ഉൾപെടെയുള്ളവരെ പങ്കെടുപ്പിക്കാനുള്ള പരിശ്രമവും നടന്നു വരുന്നുണ്ട്. സംവാദത്തിൽ പങ്കെടുക്കുന്നതിന് കെ റെയിൽ കോർപ്പറേഷന്റെ പ്രതിനിധിയെ നൽകണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നെങ്കിലും ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല. എങ്കിലും വ്യത്യസ്ഥമായ നിലപാടുകൾ സംവദിക്കാൻ അവസരമൊരുക്കും. ഓഡിയൻസിൽ നിന്ന് വ്യത്യസ്ഥ നിലപാടുകളും സംശയങ്ങളും ഉന്നയിക്കുന്നതിന് സമയലഭ്യത പരിഗണിച്ച് അവസരങ്ങളുണ്ടാകും.

കോഴിക്കോട് ജില്ലയിലെ സാമൂഹ്യ,സാംസ്കാരിക,രാഷ്ട്രീയ, പാരിസ്ഥിതിക, ഉദ്യേഗസ്ഥ,മേഖലകളിലെ പ്രമുഖരേയെല്ലാം സംവാദത്തിൽ സക്രിയമായി ഇടപെടണമെന്നാവശ്യപ്പെട്ട് ക്ഷണിച്ചിട്ടുണ്ട്. ധാരാളം പേർ പങ്കെടുക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. സിൽവർ ലൈൻ പദ്ധതിക്കെതിരെ സമരരംഗത്തുള്ള സംഘടനാ പ്രവർത്തകരേയും ജനങ്ങളേയും അവരുടെ പ്രദേശങ്ങളിൽ ചെന്ന് പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേരളത്തിന്റെ ഭാവിയെ നിർണ്ണയിക്കുന്ന ഒരു പ്രധാന വിഷയം ചർച്ച ചെയ്യുന്ന സംവാദ വേദിയിലേക്ക് മുഴുവനാളുകളേയും ക്ഷണിക്കുന്നതായി സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. പത്രസമ്മേളനത്തിൽ ജനകീയ സംവാദ സമിതി ചെയർമാൻ ടി ടി ഇസ്മയിൽ, കൺവീനർ എൻ വി ബാലകൃഷ്ണൻ, എൻ പി ചെക്കൂട്ടി, കെ പി പ്രകാശൻ, മുഹമ്മദ് സലീം എന്നിവർ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!