സിൽവർ ലൈൻ പദ്ധതിക്കെതിരെ കാട്ടില പീടികയിൽ നടക്കുന്ന സമരം 600 ദിവസം പിന്നിടുന്നു
സിൽവർ ലൈൻ പദ്ധതിക്കെതിരെ കാട്ടില പീടികയിൽ നടക്കുന്ന സമരം 600 ദിവസം പിന്നിടുന്നു. സ്ഥിരം സമരപ്പന്തൽ കെട്ടിയാണ് ജനകീയ പ്രതിരോധസമിതി വെങ്ങളത്തിന്റെ നേതൃത്വത്തിൽ സമരത്തിന് തുടക്കംകുറിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനെയൊരു സമരത്തുടക്കം. 2020 ഒക്ടോബർ രണ്ടിന് പ്രഫ. കൽപറ്റ നാരായണനാണ് ഉദ്ഘാടനം ചെയ്തത്. കേരളം കണ്ട ഏറ്റവും വലിയ ജനകീയ സമരമായി ഇതുമാറി. മേധാപട്കർ, ദയ ബായി, പ്രശാന്ത് ഭൂഷൺ, രാജേന്ദ്ര സിങ് റാണ, എസ്.പി ഉദയകുമാർ, സി.ആർ. നീലകണ്ഠൻ, കുസുമം ജോസഫ്, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, സാദിഖലി ശിഹാബ് തങ്ങൾ, കെ. സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, കെ. മുരളീധരൻ എം.പി, എം.കെ. രാഘവൻ എം.പി, വി.കെ. സജീവൻ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ടി. സിദ്ദീഖ്, കെ. പ്രവീൺ കുമാർ തുടങ്ങി ഒട്ടനവധി പേർ സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയിരുന്നു. കാട്ടില പീടികയിലെ സമരഭടന്മാരുടെ ശക്തമായ ചെറുത്തുനിൽപിൽ കല്ലായിയിലും വട്ടാംപോയിലും അധികാരികൾക്ക് സർവേ നിർത്തിവെക്കേണ്ടിവന്നു. പ്രക്ഷോഭ ഭാഗമായി 26ന് അഭയാർഥി പലായനം എന്ന പേരിൽ ആയിരക്കണക്കിന് ഇരകൾ കോഴിക്കോട് കലക്ടറേറ്റിലേക്ക് മാർച്ച് ചെയ്യും. ഇതിന്റെ മുന്നോടിയായി കുടുംബ യോഗങ്ങളും കൺവെൻഷനുകളും ജില്ല മുഴുവൻ നടക്കുകയാണ്. കൂടംകുളം സമര നായകൻ എസ്.പി. ഉദയകുമാർ മാർച്ച് ഉദ്ഘാടനം ചെയ്യും. കുട്ടികളും സ്ത്രീകളും അടക്കം ആയിരക്കണക്കിനാളുകൾ വീട്ടുപകരണങ്ങളുമായി മാർച്ചിൽ പങ്കെടുക്കും. എരഞ്ഞിപ്പാലത്തുനിന്ന് രാവിലെ 10ന് മാർച്ച് ആരംഭിക്കും. സമരസമിതി നേതാക്കളായ ടി.ടി. ഇസ്മായിൽ, രാമചന്ദ്രൻ വരപ്രത്ത്, നസീർ ന്യൂജെല്ല, മുസ്തഫ ഒലിവ്, പ്രവീൺ ചെറുവത്ത് എന്നിവർ നേതൃത്വം നൽകും.