സുദേവിന്റെ അകാലവിയോഗം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി
കൊയിലാണ്ടി:കുറുവങ്ങാട് തിരുവോണം വീട്ടിൽ സുദേവിന്റെ അകാലവിയോഗം ഒരു ഗ്രാമത്തെ മാത്രമല്ല, കലാലയത്തേയും കായിക ലോകത്തേയുമൊക്കെ ഒരു പോലെ കണ്ണീരണിയിച്ചു. നൊമ്പരങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയാകുമ്പോൾ കലാലയ വിദ്യാർത്ഥികളും ഗ്രാമവാസികളുമുൾപ്പെടെ നൂറുകണകിനാളുകൾ തേങ്ങലടക്കി സാക്ഷികളായി. വിപുലമായ സൗഹൃദങ്ങളുടെ ഉടമയായിരുന്നു സുദേവ്. പഠനത്തോടൊപ്പം സുദേവ് നെഞ്ചേറ്റിയത് കായിക വിദ്യാഭ്യാസത്തെയാണ്.
ഇത്ര ചെറുപ്രായത്തിൽ തന്നെ സ്കൂൾ-കോളജ് തലങ്ങളിലും സംസ്ഥാന മത്സരങ്ങളിലും സുദേവിനെ ഒട്ടേറെ മെഡലുകളും പ്രശസ്തിപത്രങ്ങളും തേടിയെത്തിയത്. സ്കൂൾ-കോളജ് ടീമുകളിലെ എല്ലാവർക്കും പ്രിയപ്പെട്ട ഗോൾകീപ്പറായിരുന്നു ഈ വിദ്യാർത്ഥി. കായിക ഇനത്തിൽ സെപ്കോ ത്രോ മത്സരത്തിൽ കൊയിലാണ്ടി ജി വി എച് എസ് സ്കൂളിനെ പ്രതിനിധീകരിച്ച്, സംസ്ഥാന തലത്തിൽ നിരവധി അംഗീകാരങ്ങൾ നേടി. ദേശീയ തലത്തിലും മത്സര രംഗത്ത് എത്താൻ കഴിഞ്ഞു. ജൂഡോയിലും സംസ്ഥാന ചാമ്പ്യനായിരുന്നു സുദേവ്. ജി വി എച് എസ് എസിലെ സെപ് കാത്രോ കോച്ച് എന്ന നിലയിൽ വിദ്യാർത്ഥികളുടെ അഭിമാനമായി മാറി.
മുക്കം മുഹമ്മദ് അബ്ദുറഹ്മാൻ ഓർഫനേജ് കോളജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയായി സഹപാഠികളുടെ ഹൃദയം കീഴടക്കി കായിക രംഗത്തെ കുതിപ്പ് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അതിന് മുമ്പ് എന്തിനീ ചെറുപ്പക്കാരൻ മരണത്തെ വരിച്ചു എന്നാർക്കുമറിയില്ല. കൊയിലാണ്ടി കൊരയങ്ങാട് തെരുവിലെ പാലക്കിഴിൽ ദിനേശൻ (റിട്ട. എസ്.ഐ) സുചിത്ര ദമ്പതികളുടെ ഏകമകനാണ് സുദേവ്. ഇപ്പോൾ കുറുവങ്ങാട് കൈതവളപ്പിൽ താഴെയാണ് താമസം.