MAIN HEADLINES

സുപ്രീം കോടതി മെയിലുകളുടെ ഫൂട്ടറിൽ നരേന്ദ്ര മോഡിയുടെ ചിത്രം. വിവാദമായതോടെ നീക്കം ചെയ്തു

വിവാദമായതോടെ നരേന്ദ്രമോഡിയുടെ ചിത്രമുള്ള പരസ്യം സുപ്രീം കോടതിയുടെ മെയിലുകളുടെ ഫൂട്ടറില്‍ നിന്ന് നീക്കി. പകരം സുപ്രീം കോടതിയുടെ ചിത്രം നല്‍കാൻ നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററിന് (എന്‍ഐസി) റജിസ്ട്രി നിര്‍ദേശം നല്‍കി.

ആറ് മാസം മുന്‍പാണ് സ്വാതന്ത്ര്യ ദിനത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ആസാദി കാ അമൃത് മഹോത്സവ് എന്ന പ്രചാരണ പരിപാടി ആരംഭിച്ചത്. ഇതിന്റെ പ്രചാരണത്തിനായി സുപ്രീം കോടതി റജിസ്ട്രി അഭിഭാഷകര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശങ്ങളിലാണ് കോവിഡ് സർട്ടിഫിക്കറ്റ് മാതൃകയിൽ ചിത്രം പതിച്ചത്. ഇത് ഇൻഡ്യൻ എക്സ്പ്രസ് പോലുള്ള മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തു

ഇത് ജുഡീഷ്യറിയും എക്സിക്ക്യൂട്ടീവും തമ്മില്‍ വേര്‍തിരിക്കുന്ന വരയ്ക്ക് മങ്ങലേല്‍പ്പിച്ചതായി അഭിപ്രായമുണ്ടായി. അഭിഭാഷകരുടെ ഭാഗത്തു നിന്നു തന്നെയും ആശങ്ക ഉയർന്നു.

സുപ്രീം കോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ഒരു അഭിഭാഷകന്‍ ഇ-മെയിലില്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ള പരസ്യം ഉള്‍പ്പെടുത്തിയതില്‍ ആശങ്ക പ്രകടിപ്പച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ചിത്രം മാറ്റിയത്.

“സർ, പ്രധാനമന്ത്രിയുടെ സ്നാപ്പ്ഷോട്ട് ഉള്‍പ്പെടുന്ന ഒരു അറിയിപ്പ് എനിക്ക് റജിസ്ട്രിയില്‍ നിന്ന് ലഭിച്ചു. ഒരു സ്വതന്ത്ര സ്ഥാപനമെന്ന നിലയിലും, സര്‍ക്കാരിന്റെ ഭാഗമല്ലാത്ത സാഹചര്യത്തിലും ഇത് സുപ്രീം കോടതിയുടെ നിലപാടിന് ചേരുന്നതായി തോന്നുന്നില്ല. സൂചിപ്പിച്ച കാര്യം ശരിയാണെന്ന് തോന്നുകയാണെങ്കില്‍ ഇത് ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിനെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,” അഭിഭാഷകന്‍ അയച്ച സന്ദേശത്തില്‍ പറയുന്നു.

ഇ മെയില്‍ അയക്കുമ്പോള്‍ അതിന്‍റെ അവസാനഭാഗത്ത് ഉണ്ടാകുന്ന അതത് സ്ഥാപനത്തിന്‍റെ ഔദ്യോഗിക ചിഹ്നമോ, പരസ്യമോ, സന്ദേശമോ ആണ് ഫൂട്ടര്‍.

സുപ്രീം കോടതി സെക്രട്ടറി ജനറല്‍ സഞ്ജീവ് എസ്.കൽഗാവോങ്കർ  ചിത്രം ചേർത്തത് സംബന്ധിച്ച് അറിവില്ലെന്ന് ഉടന്‍ തന്നെ മറുപടി നല്‍കി.  അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ പരാതി ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷന്‍ സെക്രട്ടറി ജോസഫ് അരിസ്റ്റോട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞു. “എന്‍ഐസിയുടെ എല്ലാ പ്ലാറ്റ്ഫോമുകളില്‍ പരസ്യം ഉപയോഗിച്ചിട്ടുണ്ട്. സുപ്രീ കോടതിയുടെ ഇ-മെയിലില്‍ നിന്ന് ഇത് നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു,”

മണിക്കൂറുകള്‍ക്ക് പിന്നാലെ സംഭവത്തില്‍ റജിസ്ട്രിയുടെ ഔദ്യോഗിക പ്രസ്താവനയും വന്നു. “ഇ-മെയില്‍ സന്ദേശങ്ങളില്‍ ഇത്തരമൊരു പരസ്യം ഉള്‍പ്പെട്ടകാര്യം ശ്രദ്ധയില്‍പ്പെട്ടു. ഇതിന് ജുഡീഷ്യറിയുടെ പ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ല,” പ്രസ്താവനയില്‍ പറയുന്നു.

ഇ-മെയിലില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് അങ്ങയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദർ ഉദയ് സിങ് പറഞ്ഞു. സുപ്രീം കോടതിയോ ഇന്ത്യയിലെ മറ്റ് കോടതികളോ സര്‍ക്കാര്‍ ഓഫിസുകള്‍ അല്ല, സർക്കാരിന്റെ പ്രചാരണ യന്ത്രങ്ങളായി ഉപയോഗിക്കാനും ഉദ്ദേശിക്കുന്നില്ല.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button