കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ നാളെയെത്തും

 

കോഴിക്കോട്:   കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ നാളെയെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്‌സിനാണെത്തുന്നത്. എറണാകുളത്തേക്ക് 12 ബോക്‌സും, കോഴിക്കോട് ഒന്‍പതും ലക്ഷദ്വീപിലേക്ക് ഒരു ബോക്‌സുമാണ് എത്തുക. രാവിലെ 11.15ന് ഗോ എയര്‍ വിമാനത്തില്‍ വാക്‌സിന്‍ നെടുമ്പാശേരിയിലെത്തിക്കും. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സംസ്ഥാന ആരോഗ്യവകുപ്പാണ് വാക്‌സിന്‍ വിതരണത്തിന് നേതൃത്വം നല്‍കുക.

അതേസമയം, കൊവിഡ് വാക്‌സിനേഷന്‍ നടപടികള്‍ക്ക് കേരളത്തില്‍ വേഗതയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. എറ്റവും വേഗത കുറഞ്ഞ അവസ്ഥയിലാണ് കേരളത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരിക്ഷണം. വാക്‌സിന്‍ ഭീതി ആണ് വാക്‌സിനേഷന്‍ നടപടികള്‍ സംസ്ഥാനത്ത് മെല്ലെപോകാന്‍ കാരണം എന്നാണ് കേരളത്തിന്റെ ഇക്കാര്യത്തിലുള്ള മറുപടി.

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചതിന് ശേഷമുള്ള സാഹചര്യങ്ങള്‍ പ്രതിദിനം കേന്ദ്രസര്‍ക്കാര്‍ അവലോകനം ചെയ്യുന്നുണ്ട്. വിഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് യോഗങ്ങള്‍. ഇന്നലെ വരെയുള്ള സ്ഥിതിവിവരം അവലോകനം ചെയ്തപ്പോള്‍ സംസ്ഥാനത്തെ വാക്‌സിനേഷന്‍ നടപടികള്‍ ഉചിത വേഗത്തിലല്ല നടക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. വാക്‌സിനേഷന്‍ നടപടികളിലെ മെല്ലെപോക്കില്‍ സംസ്ഥാനത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം അതൃപ്തി അറിയിച്ചു.

വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കി. മുന്‍ ഗണനാ വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന തോത് സംസ്ഥാനത്ത് 25 ശതമാനത്തില്‍ താഴെയാണ്. ഈ സാഹചര്യത്തില്‍ വാക്‌സിനേഷനായി ആത്മവിശ്വാസം പകരാന്‍ പ്രചാരണ പരിപാടികള്‍ അടക്കമുള്ള കൂടുതല്‍ നടപടികള്‍ക്കും കേരളത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. കേരളത്തിന് പുറമേ തമിഴ്‌നാട്, പഞ്ചാബ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും വാക്‌സിനേഷന്‍ വേഗത്തില്‍ നടക്കുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.

അതേസമയം സംസ്ഥാനത്ത് വാക്‌സിനേഷന്‍ ഭീതി ഉണ്ടെന്ന് കേരളം പ്രതിദിന യോഗത്തില്‍ വിശദികരിച്ചു. മുന്നണിപോരാളികളില്‍ അടക്കം വാക്‌സിനേഷന്‍ ഭീതി കേരളത്തില്‍ നിലനില്‍ക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ വേഗത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ സംസ്ഥാനത്ത് നടത്താന്‍ ശ്രമിക്കും എന്നും കേരളം പ്രതിദിന അവലോകന യോഗത്തില്‍ വ്യക്തമാക്കി.

Comments

COMMENTS

error: Content is protected !!