സുൽത്താൻ ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവ്
വയനാട്: സുൽത്താൻ ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവ് . ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിങാണ് മയക്കുവെടിവെക്കാൻ ഉത്തരവിട്ടത്. ഇതോടെ ബത്തേരി നഗരസഭയിലെ കൗൺസിലർമാർ ഡി എഫ് ഒ ഓഫീസ് ഉപരോധം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ കാട്ടാനയിറങ്ങിയത്. ഇരുളം ഫോറസ്റ്റ് സെക്ഷനിലെ പഴുപ്പത്തൂർ വനഭാഗത്തുനിന്നാണ് കാട്ടാന പുലർച്ചെ 2 മണിയോടെ നഗരത്തിലേക്കെത്തിയത്. വഴിയിൽ നിൽക്കുന്നയാളെ കാട്ടാന എടുത്തെറിയുന്ന സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നു. വഴിയാത്രക്കാരൻ അത്ഭുകരമായാണ് രക്ഷപ്പെട്ടത്. നിസാര പരിക്കേറ്റ ബത്തേരി പള്ളിക്കണ്ടി സ്വദേശി തമ്പി ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കാട്ടാന ഇറങ്ങിയതോടുകൂടി ആളുകൾ ബഹളം വെച്ചിരുന്നു. ആളുകൾ ബഹളം വെക്കുകയും വനം വകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ഏറെ നേരം പണിപ്പെട്ടാണ് കാട്ടാനയെ വനപാലകരും നാട്ടുകാരും കാട്ടിലേക്ക് തുരത്തിയത്.
കോൾ ഐഡി ഘടിപ്പിച്ച ആനയാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആന അപകടകാരിയാണ് എന്നാണ് വനംവകുപ്പിന്‍റെ വിലയിരുത്തൽ. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വനപാലകരും നാട്ടുകാരും ചേർന്ന് ആനയെ ഉൾവനത്തിലേക്ക് തുരത്തിയെങ്കിലും പ്രദേശത്ത് വനംവകുപ്പ് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.