സോളാർ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും എ പി അബ്ദുള്ളക്കുട്ടിയെയും സിബിഐ കുറ്റവിമുക്തമാക്കി

സോളാർ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും എ പി അബ്ദുള്ളക്കുട്ടിയെയും സിബിഐ കുറ്റവിമുക്തമാക്കി.  ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകി. ഇതോടെ സർക്കാർ കൈമാറിയ എല്ലാ കേസിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി.

വൻവിവാദമായ സോളാർ പീഡന കേസിൽ ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരുന്നത്. ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വച്ച് പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമാണെന്നാണ് സിബിഐ കണ്ടെത്തി. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വച്ച് അബ്ദുള്ളക്കുട്ടി പീഡിപിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം. സോളാർ പീഡനത്തിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസാണിത്. എന്നാല്‍, ഈ ആരോപണത്തില്‍ തെളിവുകളില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസിൽ നേരത്തെ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, കെ സി വേണുഗോപാല്‍ എന്നിവർക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു. 

അതേസമയം സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്നു പരാതിക്കാരി. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് തീരുമാനം. മറ്റുള്ളവരുടെ കേസിൽ സിബിഐ റിപ്പോർട്ട് തള്ളണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി വ്യക്തമാക്കി. 

Comments

COMMENTS

error: Content is protected !!