സോളാർ വിവാദങ്ങൾക്കിടെ ആത്മകഥയുമായി സരിത എസ് നായർ
സോളാര്‍ വിവാദങ്ങള്‍ക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായർ. ‘പ്രതി നായിക’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ കവർ പേജ് സരിത ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. കൊല്ലം ആസ്ഥാനമായുള്ള റെസ്‌പോൺസ് ബുക്‌സ് ആണ് പുസ്തകം തയ്യാറാക്കുന്നത്. ഞാൻ പറഞ്ഞത് എന്ന തരത്തിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും, പറയാൻ വിട്ട് പോയവയും ഈ പുസ്‌കത്തിലുണ്ടാകും എന്ന ആമുഖത്തോടെയാണ് കവർപേജ് പങ്കുവച്ചിരിക്കുന്നത്. രണ്ടാഴ്ചയ്‌ക്കുള്ളിൽ പുസ്തകം പുറത്തിറങ്ങുമെന്നാണ് വിവരം. പ്രതി നായിക എന്നോ പ്രതിനായിക എന്നോ വായിക്കാവുന്ന തരത്തിലാണ് കവർ പേജ്.
സോളാർ കേസിലെ മുഖ്യ പ്രതിയാണ് സരിത കേസുമായി ബന്ധപ്പെട്ട് നിർണായകമായ പ്രസ്താവനകൾ നടത്തുകയും പിന്നീട് അത് തിരുത്തി പറയുകയും ചെയ്ത വ്യക്തിയാണ്. കേസുമായി ബന്ധപ്പെട്ട് സരിത പുറത്തു പറയാത്ത കാര്യങ്ങൾ കൂടി പുസ്തകത്തിൽ ഉണ്ടെന്നാണ് കരുതുന്നത്. നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ സരിതയുടെ പുസ്തകത്തെ പ്രാധാന്യത്തോടെയാണ് രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പെടെ കാണുന്നത്.
