സ്‌കൂളില്‍ കായിക വിദ്യാഭ്യാസ സുരക്ഷക്ക് മാര്‍ഗരേഖ പുറപ്പെടുവിക്കണം -ബാലാവകാശ കമ്മീഷന്‍
സംസ്ഥാനത്തെ സ്‌കൂളില്‍ കായിക വിദ്യാഭ്യാസ സുരക്ഷയ്ക്ക് വിശദമായ മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ പ്രതികളാവുകയും പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്താല്‍ അത്തരക്കാരെ കുട്ടികളുമായി ഇടപഴകേണ്ടി വരുന്ന സ്ഥാനങ്ങളില്‍ നിയമിക്കരുത്. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ വകുപ്പുകളും കൃത്യമായി പാലിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും ആഭ്യന്തര വകുപ്പ് സെക്രട്ടറിയും ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ അംഗം ബി.ബബിത നിര്‍ദേശം നല്‍കി.
കായികാധ്യാപകനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണം പൂര്‍ത്തീകരിച്ച് താമരശ്ശേരി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കമ്മീഷന്‍ അധ്യാപകനെതിരെ ആരംഭിച്ച വകുപ്പുതല നടപടി സ്‌കൂള്‍ മനേജര്‍ പൂര്‍ത്തീകരിച്ച് തുടര്‍നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി. ബാലാവകാശ കമ്മീഷന് അഡ്വ.ബിജോയ് കെ.ഏലിയാസ് നല്‍കിയ പരാതിയുടെ പൊതുസ്വഭാവം പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വിദ്യാഭ്യാസ രംഗത്തെ കായിക പരിശീലനവുമായും മറ്റും ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍:
🔹 പെണ്‍കുട്ടികളുടെ കായിക പരിശീലന സമയത്ത് നിര്‍ബന്ധമായും വനിതാ പരിശീലകരുടെയോ ഏതെങ്കിലും അധ്യാപികയുടെയോ മേല്‍നോട്ടം ഉറപ്പാക്കണം.
🔹 പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ പൂര്‍ണ്ണമായും വനിതാജീവനക്കാരുടെ നിയന്ത്രണത്തിലായിരിക്കണം.
🔹 രാത്രി സമയങ്ങളില്‍ പുരുഷ പരിശീലകര്‍ പരിശീലനം നല്‍കുമ്പോള്‍ വനിതാ അധ്യാപികമാരുടെയോ മറ്റോ സാന്നിദ്ധ്യം ഉറപ്പാക്കേണ്ടതാണ്.
🔹 കായിക പരിശീലകന്‍ കുട്ടികളോട് പൂര്‍ണമായും ശിശുസൗഹാര്‍ദമായി പെരുമാറണം. നിയമലംഘനം ബോധ്യപ്പെട്ടാല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെ വകുപ്പുതല നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
🔹 കായിക പരിശീലകരായ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, അവരുടെ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനും പ്രധാന അധ്യാപകനും, കായിക താരങ്ങളായ കുട്ടികളും, അവരുടെ രക്ഷിതാക്കളും, സ്‌കൂള്‍ കൗണ്‍സിലറും ഉള്‍പ്പെടുന്ന പരാതി പരിഹാര സമിതി രൂപീകരിക്കണം.
🔹 ദൂരെ സ്ഥലങ്ങളില്‍ കായിക മത്സരത്തിനും പരിശീലനത്തിനുമായി കുട്ടികളെ കൊണ്ടുപോകുമ്പോള്‍ പെണ്‍കുട്ടികളുടെ സുരക്ഷയും, സംരക്ഷണവും ഉറപ്പാക്കാന്‍ വനിതാ അധ്യാപികയെയോ, രക്ഷിതാക്കളുടെ പ്രതിനിധിയെയോ സംഘത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
🔹 ഏതെങ്കിലും വ്യക്തിക്കെതിരെ ലൈംഗികാതിക്രമ പരാതി ലഭിച്ചാല്‍ ഉടന്‍തന്നെ പോലീസിന് കൈമാറേണ്ടതാണ്. ശുപാര്‍ശകളിന്മേല്‍ ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിച്ച നടപടി രണ്ട് മാസത്തിനകം കമ്മീഷനെ അറിയിക്കണം.