കോഴിക്കോട്ടെ ശിശു സംരക്ഷണ കേന്ദ്രം:ഉറ്റവരുപേക്ഷിച്ച കുഞ്ഞുങ്ങള്‍ക്കായി ഇതാ ഇവിടെ ഇങ്ങനെയൊരിടമുണ്ട്

ആറു വയസ്സുകാരി  മാളൂട്ടി ഒന്നുറങ്ങണമെങ്കില്‍ അടുത്തുള്ള കുഞ്ഞു റേഡിയോയില്‍ നിന്നുള്ള പാട്ട് വേണം. ചലന വൈകല്യങ്ങള്‍ അടക്കം നിരവധി പ്രശ്നങ്ങള്‍ അനുഭവിക്കുന്ന മാളൂട്ടിക്ക് പാട്ടാണ് എല്ലാം. മാളൂട്ടിയെപ്പോലുള്ള നിരവധി കുട്ടികളുണ്ട്  കോഴിക്കോട്ടെ ശിശു സംരക്ഷണ കേന്ദ്രത്തില്‍. ജില്ലയിലെയും മറ്റു ജില്ലകളിലെയും രക്ഷിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിത ചികിത്സയും താമസവും ഒരുക്കുകയാണ് സംസ്ഥാന ശിശുക്ഷേമ സമിതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന  ശിശു സംരക്ഷണ കേന്ദ്രം. മെഡിക്കല്‍ കോളേജിനടുത്ത് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ തണലില്‍ തലച്ചോറുമായി ബന്ധപ്പെട്ട അസുഖങ്ങളാല്‍ പ്രയാസം അനുഭവിക്കുന്ന ഒന്‍പത് കുട്ടികളാണുള്ളത്. ഇവര്‍ക്കായി സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി,  മെഡിക്കല്‍ ചെക്കപ്പ് തുടങ്ങിയ സേവനങ്ങള്‍ ദിവസേന തുടര്‍ന്ന് വരുന്നു. മെഡിക്കല്‍ കോളേജിനടുത്തുള്ള കേന്ദ്രമായതിനാല്‍ മറ്റ് ജില്ലകളില്‍ നിന്നും സ്ഥിരമായി ചികിത്സ ആവശ്യമുള്ള  കുട്ടികളെയും ഇവിടേക്ക് അയക്കുന്നുണ്ട്. ഏഴ് വയസ്സുകാരി മാല മാത്രമാണ് ഇവിടെ നിന്ന് സ്‌കൂളില്‍ പോകുന്നത്.
 കഴിഞ്ഞ വര്‍ഷം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനാണ് ശിശു പരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്തത്. സെറിബ്രല്‍ പാള്‍സി,  ഡൗണ്‍സിന്‍ഡ്രോം, മൈക്രോസഫാലി ഹൈഡ്രോ സഫലിയസ്, സീഷ്യുര്‍ തുടങ്ങിയ അസുഖങ്ങളുള്ള കുട്ടികളാണിവിടെ താമസിക്കുന്നത്. സാധാരണയായി ആറ് വയസ്സുവരെയുള്ള കുട്ടികളെയാണ് ഇവിടെ ഏറ്റെടുക്കുന്നത്. ചിരിയൊച്ചയോടെ മുട്ടിലിഴഞ്ഞെത്തുന്ന ഒരു വയസ്സുകാരന്‍ ഉണ്ണിയടക്കം ഒന്‍പത് വയസ്സുവരെ ഉള്ള കുട്ടികളാണിവിടെ സ്വന്തം വീട്ടിലെ അതെ പരിചരണം കിട്ടി വളരുന്നത്. അവര്‍ക്കാവശ്യമായ ശ്രദ്ധ നല്‍കാന്‍ എട്ട് ആയമാരും രണ്ടു സെക്യൂരിറ്റി സ്റ്റാഫും രണ്ട് നഴ്സുമാരും അടക്കം 12 പേരാണ് കുട്ടികളെ പരിചരിക്കാന്‍ ഇവിടെയുള്ളത്. ഇവര്‍ക്കുള്ള ശമ്പളവും കുട്ടികള്‍ക്കാവശ്യമായ ഭക്ഷണത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമുള്ള ഫണ്ട് സംസ്ഥാന ശിശുക്ഷേമ സമിതിയാണ് നല്‍കുന്നത്. മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് പുറമേ ഇംഹാന്‍സ്, സി.ആര്‍.സി  തുടങ്ങിയ സ്ഥാപനങ്ങളിലെ പരിശീലനവും കുട്ടികളുടെ ശാരീരിക മാനസിക വളര്‍ച്ചയ്ക്ക് പ്രയോജനപ്പെടുത്തുന്നുണ്ട് .   ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു ചെയര്‍മാനായുള്ള സംഘം ശിശുപരിപാലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വരുന്നു. വിവിധ  സ്ഥാപനങ്ങളും ഏജന്‍സികളും നല്‍കിവരുന്ന സഹായങ്ങള്‍ കൂടിയാണ് ഈ സ്ഥാപനത്തിന്റെ നടത്തിപ്പിന് പിന്നില്‍. സ്ഥാപനത്തിലേക്കാവശ്യമായ വീട്ടുപകരണങ്ങള്‍, ചികിത്സാ ഉപകരണങ്ങള്‍ എന്നിവ സഹകരണ ബാങ്കുകള്‍, ട്രേഡ് യൂണിയനുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ അധ്യാപകര്‍, വിവിധ വാട്സപ്പ് ഗ്രൂപ്പുകള്‍ തുടങ്ങി നിരവധി സുമനസ്സുകളുടെ സംഭാവനയാണ്. ഉറ്റവര്‍ പോലും മറന്നുപോയ തങ്ങളുടെ കുഞ്ഞുങ്ങളുടെ പിറന്നാള്‍ പോലും ഇവിടെ ഇവര്‍ക്ക് ഒരുമിച്ചുള്ള ആഘോഷങ്ങളാണ്. വാടക കെട്ടിടത്തിലാണ് ശിശുപരിപാലന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സ്വന്തമായൊരു വാഹനവും കൂടുതല്‍ തൊട്ടിലുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ലഭ്യമാക്കിയാല്‍ കൂടുതല്‍ കുട്ടികള്‍ക്ക് താങ്ങാവാന്‍ ഈ സ്ഥാപനത്തിന് കഴിയും.
Comments

COMMENTS

error: Content is protected !!