KERALAMAIN HEADLINES

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനം

തിരുവനന്തപുരം: സ്‌കൂള്‍ ക്യാമ്പസിലും ക്ലാസ് മുറിയിലും വിദ്യാര്‍ഥികള്‍ മൊബൈല്‍ഫോണ്‍ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ അമിതമായ ഫോണ്‍ ഉപയോഗം അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മൊബൈല്‍ ഫോണ്‍ നിരോധനവുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ വിദ്യാഭ്യാസ വകുപ്പ് നേരത്തേ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കിടയില്‍ മൊബൈല്‍ ഉപയോഗം വ്യാപകമായത് പഠനത്തിനപ്പുറം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും, സ്വഭാവ വൈകല്യങ്ങള്‍ക്കും വഴിവെച്ചതായി മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമൂഹ്യജീവിതത്തിലെ അനാരോഗ്യകരമായ പ്രവണതകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വളരുന്നതില്‍ മൊബൈല്‍ഫോണിന്റെ പങ്കും മന്ത്രി ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എ ഇ മാരടക്കമുള്ളവരുടെ മേഖലാ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. ഓഗസ്റ്റ് നാലിന് തിരുവനന്തപുരത്തും ഒന്‍പതിന് തൃശൂരുമാണ് യോഗം.

സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി അറിയിച്ചു. പൊതു സ്വീകാര്യവും, കുട്ടികള്‍ക്ക് സൗകര്യവും ഉള്ളതാവണം യൂണിഫോം. സ്‌കൂളിലെ പിടിഎ അടക്കമുള്ള മുഴുവന്‍ പേര്‍ക്കും സ്വീകാര്യമാണെങ്കില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കാമെന്നും മന്ത്രി പറഞ്ഞു. സൗകര്യമുള്ള സ്‌കൂളുകള്‍ അപേക്ഷ നല്‍കിയാല്‍ മിക്‌സഡ് സ്‌കൂളുകളാക്കുമെന്നും ഇതും പിടിഎ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സമീപത്തെ സ്‌കൂളുകള്‍ അടക്കമുള്ളവരുടെ താത്പര്യം പരിഗണിച്ചായിരിക്കും നടപടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇനി മുതൽ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍ പദവി ഉണ്ടാകില്ലെന്നും പ്രിന്‍സിപ്പല്‍മാരാകും മേധാവിയെന്നും  മന്ത്രി വി.ശിവന്‍കുട്ടി. ഹെഡ്മാസ്റ്റര്‍ മാര്‍ക്ക് പകരം വൈസ് പ്രിന്‍സിപ്പല്‍ പദവി ആയിരിക്കും ഉണ്ടാകുക. മലയാളം പാഠപുസ്തകത്തില്‍ അക്ഷരമാല ഉള്‍പ്പെടുത്തുമെന്നും സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട്ട് വെച്ച് നടത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സ്‌കൂള്‍ കുട്ടികളെ ക്ലാസ് സമയത്ത് മറ്റ് പരിപാടികള്‍ക്ക് കൊണ്ടുപോകരുതെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്‍ പി, യു പി ക്ലാസുകളില്‍ 200-ഉം ഹൈസ്‌കൂളില്‍ 220 അധ്യയന ദിവസങ്ങളും ഉണ്ടാവണം. പഠന-പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ കുട്ടികളെ കാണികളാക്കി സ്‌കൂളിനകത്തോ പുറത്തോ ക്ലാസ് സമയങ്ങളില്‍ പൊതുപരിപാടികളോ മറ്റ് പരിപാടികളോ സംഘടിപ്പിക്കരുതെന്നും മന്ത്രി അറിയിച്ചു. ഇത് കുട്ടികളുടെ അധ്യയനസമയം നഷ്ടമാക്കുമെന്നും മന്ത്രി ചൂണ്ടികാട്ടി.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button