KOYILANDILOCAL NEWS

സ്കൂൾ അലങ്കോലമാക്കി മാനേജർ, വിദ്യാഭ്യാസ അവകാശത്തിനായി കുട്ടിയും രക്ഷിതാവും എ ഇ ഒ ഓഫീസിൽ സത്യാഗ്രഹം

കൊയിലാണ്ടി: തന്റെ മകളുടെ പഠനാവകാശം സ്കൂൾ മാനേജർ തടയുന്നു എന്നാരോപിച്ച് സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന കാവ്യ ലക്ഷ്മി എന്ന വിദ്യാർത്ഥിയുടെ രക്ഷിതാവ് എം എം അംജിത്ത് കൊയിലാണ്ടി എ ഇ ഒ ഓഫീസിസ് മുമ്പിൽ കുട്ടിയുമായി സത്യാഗ്രഹമിരുന്നു. അരിക്കുളം എ എൽ പി സ്കൂൾ അടച്ചുപൂട്ടി ഭൂമി റിയലെസ്റ്റേറ്റ് ബിസിനസ്സിന് വേണ്ടി ഉപയോഗിക്കാനുള്ള മേനേജരുടെ നടപടികളാണ് സ്കൂൾ പ്രവർത്തനം അലങ്കോലമാക്കിയതെന്ന് നാട്ടുകാർ പറയുന്നു. നാല് വർഷത്തിലധികമായി സ്കൂളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നില്ല. കെട്ടിടം ചോർന്നൊലിക്കുന്നു. ഇതേത്തുടർന്ന് കെട്ടിട്ടത്തിന് ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. എ ഇ ഒ, ഡി ഇ ഒ, പി ടി എ ഭാരവാഹിൾ പഞ്ചായത്തധികൃതർ എന്നിവരുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച് മേൽക്കൂര മാറ്റിപ്പണിയാൻ മാനേജർ സമ്മതിച്ചിരുന്നു. എന്നാൽ സ്കൂൾ വളപ്പിലെ മണ്ണെടുത്ത് വിറ്റതല്ലാതെ ഒരു പണിയും ചെയ്യാൻ മാനേജർ തയാറായില്ല.

കോഴിക്കോട്ടെ ഒരു എഞ്ചിനീയറിംഗ് കോളേജിലെ ‘വിദഗ്ധനി’ൽ നിന്ന് ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് ലഭിച്ചതായി മാനേജർ അവകാശപ്പെടുന്നുണ്ട്. സ്കൂൾ സുരക്ഷിതമല്ലാത്തത് കൊണ്ട് അരിക്കുളം ഭാവനാ ഗ്രന്ഥാലയത്തിന്റെ കെട്ടിടത്തിലേക്ക് അദ്ധ്യയനം മാറ്റിയിരുന്നു. അരിക്കുളം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി, പി ടി എ പ്രതിനിധികൾ, മാനേജ്മെന്റ് പ്രതിനിധികൾ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് കുട്ടികളെ മാറ്റിയത്. ക്ലാസുകൾ പൂർണ്ണമായും ഭാവനാ ഗ്രന്ഥാലയത്തിലാണ് ഇപ്പോൾ നടക്കുന്നത്. സ്കൂൾ കെട്ടിടം അടച്ചുപൂട്ടിയ അവസ്ഥയിലാണ്. ഇതോടെ പ്രധാനാദ്ധ്യാപകൻ ഷിംജിത്തിനെ മാനേജർ വിശേഷിച്ച് കാരണമെന്നും പറയാതെ സസ്പെന്റ് ചെയ്തു. ഇതോടെ രണ്ടാം ക്ലാസിൽ അദ്ധ്യാപകനില്ലാതായി. കുട്ടികൾക്ക് പ്രതീകാത്മക ക്ലാസ് നടത്തി പി ടി എ പ്രതിഷേധം ശക്തമാക്കി. ഈ വിവരം തന്നെയറിയിച്ചില്ല എന്നാരോപിച്ച് ഹെഡ് മാസ്റ്ററുടെ ചുമതലയുണ്ടായിരുന്ന അദ്ധ്യാപകൻ സന്ദീപിന് മാനേജർ കാരണം കാണിക്കൽ നോട്ടീസ് നല്കി.

ഇതിനിടയിൽ പി ടി എ ഭാരവാഹികളിലൊരാൾ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി അയച്ചിരുന്നു. ആ പരാതിയുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർമാർ നടത്തിയ പരിശോധനയിൽ കെട്ടിടം പഠനാവശ്യത്തിന് ഉപയാഗിക്കാൻ കഴിയില്ലന്നും സുരക്ഷിതമല്ലെന്നും റിപ്പോർട്ട് നൽകി. തന്റെ കൈയ്യിൽ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് ഉണ്ടെന്നാണ് മാനേജരുടെ വാദം. പ്രധാന അധ്യാപകന്റെ സസ്പെൻഷൻ റദ്ദാക്കി എ ഇ ഒ ഉത്തരവ് ഇറക്കിയെങ്കിലും അതംഗീകരിക്കാനോ അധ്യാപകനെ സ്കൂളിൽ പ്രവേശിപ്പിക്കാനോ മാനേജർ തയ്യാറായിട്ടില്ല. അതുകൊണ്ട് ഈ അധ്യാപകൻ എ ഇ ഒ ഓഫീസിലാണ് ദിവസവും ഹാജരാകുന്നത്. ഇപ്പോൾ സ്കൂൾ പ്രവർത്തനം ആകെ അലങ്കോലമായ അവസ്ഥയിലാണ്. ഇതേത്തുടർന്നാണ് രക്ഷിതാവ് കുട്ടിയുമായി എ ഇ ഒ ഓഫീസിന് മുമ്പിൽ സത്യാഗ്രഹമാരംഭിച്ചത്. മാർച്ചിൽ സ്കൂൾ അടക്കുന്നത് വരെ ഈ അവസ്ഥ തുടർന്നുകൊണ്ടുപോയാൽ അടുത്ത അദ്ധ്യയന വർഷം കുട്ടികളാരും സ്കൂളിലെത്തില്ലന്നും അങ്ങിനെ സംഭവിച്ചാൽ സ്കൂൾ അടച്ചുപൂട്ടി റിയലെസ്റ്റേറ്റ് കച്ചവടത്തിന് ഉപയാഗിക്കാമെന്നുമാണ് മാനേജർ കരുതുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. പ്രോവിഡൻസ് ഹൈ സ്കൂളിലെ ഹിന്ദി അദ്ധ്യാപികയാണ് മാനേജർ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button