CALICUTDISTRICT NEWS
സ്‌കൂൾ വിദ്യാർഥിനിയെ ബോധരഹിതയാക്കി റോഡരികിൽ തള്ളി

കടലുണ്ടി : സ്‌കൂൾ വിദ്യാർഥിനിയെ വാഹനത്തിൽനിന്ന് റോഡരികിൽ തള്ളിയിട്ട നിലയിൽ കണ്ടെത്തി. ബോധരഹിതയായ പെൺകുട്ടിയെ കടലുണ്ടിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച വൈകിട്ട് കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപമാണ് കുട്ടിയെ കണ്ടെത്തിയത്. തന്നെ തട്ടിക്കൊണ്ടുപോയതാണെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
റെയിൽവേ ഗേറ്റിന് സമീപത്തെ ആക്രിക്കടയ്‌ക്ക് സമീപമാണ് കുട്ടിയെ അർധബോധാവസ്ഥയിൽ കണ്ടെത്തിയത്. വഴിയാത്രികയായ സ്ത്രീയാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഉടൻ സമീപത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫറോക്ക് പൊലീസും പരപ്പനങ്ങാടി പൊലീസും സംഭവസ്ഥലത്തെത്തി.
വള്ളിക്കുന്ന് സ്വദേശിനിയായ പെൺകുട്ടിയെ സ്കൂളിന് സമീപത്തുനിന്ന് നാലംഗസംഘം കാറിൽ തട്ടിക്കൊണ്ടുപോയെന്നാണ് സംശയിക്കുന്നത്. എന്തോ മണപ്പിച്ച് ബോധരഹിതയാക്കിയെന്ന് കുട്ടിയുടെ മൊഴിയുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സമീപത്തെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം.
Comments