സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണം; പെണ്‍കൂട്ടായ്മകള്‍ രംഗത്തേക്ക്
കൊയിലാണ്ടി: രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ പെണ്‍കൂട്ടായ്മകള്‍ രംഗത്തേക്ക് കടന്നു വരുന്നു. കൊയിലാണ്ടി നഗരത്തില്‍ സാന്ത്വന രംഗത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന അധ്യാപികമാരുടെ കൂട്ടായ്മയായ ‘സായ’ കഴിഞ്ഞ ദിവസം സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ബലാത്സംഗങ്ങള്‍ക്കെതിരെ പ്രത്യേകിച്ചും മുലകുടി മാറാത്ത കുട്ടികളെന്നോ വൃദ്ധരെന്നോ ഭേദമില്ലാതെ പീഡിതരാകുന്നവര്‍ക്കായി പ്രതിഷേധത്തിന്റെ ചെറിയ വിരലനക്കമായി പോസ്റ്റര്‍ പ്രചരണവുമായി രംഗത്ത് വന്നു. ഇരകള്‍ക്ക് പ്രതിഷേധിക്കുവാനുള്ള അവകാശം പോലും നിഷേധിച്ചുകൊണ്ട് ജീവനോടെ ചുട്ടെരിക്കുന്ന ഈ കാലത്ത് അനിവാര്യമായ ഇടപെടലുകള്‍ക്കായി ഓര്‍മ്മപ്പെടുത്തുന്ന പ്രതിഷേധ പോസ്റ്ററുകള്‍ ‘സായ’ ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് പതിച്ചു. അധ്യാപികമാരായ എം.ജി. പ്രസന്ന, ആര്‍.കെ.ദീപ, സുലൈഖ, ആര്‍.ബ്രിജുല, പവിന, വി.നിഷിധ, നിലീന, ഇ.കെ.ഹെബ എന്നിവര്‍ പോസ്റ്റര്‍ പ്രചരണത്തില്‍ പങ്കെടുത്തു.